കോഴിക്കോട്: വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാക്കള്‍ക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് .
‘ഇവര്‍ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങള്‍ക്കതൊരു പ്രശ്‌നമല്ല. (കണ്ണൂര്‍ പ്രസംഗത്തിന്റെ ടോണില്‍ വായിക്കുക) ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബീച്ചില്‍ നടന്ന വഖഫ് സമ്മേളനത്തില്‍ പങ്കെടുത്ത ലീഗ് നേതാക്കള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസ്സം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി എത്തിയ പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് കോഴിക്കോട് കടപ്പുറത്തെ സമ്മേളനത്തില്‍ പങ്കെടുത്തത്.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ സമ്മേളനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. നേതാക്കള്‍ പിണറായി വിജയനെയും മന്ത്രിയും മരുമകനുമായ പി എ മുഹമ്മദ് റിയാസിനെയും അധിക്ഷേപിച്ച് സംസാരിച്ചത് വലിയ വിവാദമായി. ഇതിന് പിന്നാലെ ലീഗിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നു. ലീഗ് മുസ്ലിംകളുടെ ആകെ അട്ടിപ്പേറവകാശം എടുക്കേണ്ടെന്ന് പിണറായി തുറന്നടിച്ചു.
മുസ്ലിംകളുടെ പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കും. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങള്‍ ആകുന്നത് ചെയ്യൂ എന്നും മുഖ്യമന്ത്രി കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ ലീഗിനെ വെല്ലുവിളിച്ചിരുന്നു. സമരവുമായി മുന്നോട്ട് പോകാനാണെങ്കില്‍ അത് തുടരാമെന്നും എന്നാല്‍ മുസ്ലിം മത മേലധ്യക്ഷന്മാര്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവര്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.