സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നിരവധി വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ ‘കുട ചൂടിയ കള്ളനെ’ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വറ്റല്ലൂര്‍ മക്കരപറമ്പ് സ്വദേശി കാളന്‍തോടന്‍ അബ്ദുല്‍കരിം (38) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി അബ്ദുള്‍ ലത്തീഫിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുപ്പാടി, പുത്തന്‍കുന്ന്, നായ്ക്കട്ടി, മൂലങ്കാവ് പ്രദേശങ്ങളിലും, നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാടക്കര, മലങ്കര എന്നിവിടങ്ങളിലും, പുല്പള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുരഭിക്കവല, റോയല്‍പ്പടി, മീനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോളേരി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതികള്‍ മോഷണം നടത്തിയത്.
ബത്തേരി മേഖലയില്‍ നിന്നു മാത്രം 30 ലക്ഷം രൂപയും, 73 പവനുമാണ് പ്രതികള്‍ ചേര്‍ന്ന് കവര്‍ന്നെടുത്തത്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് ഇവര്‍. ബത്തേരി പഴുപ്പത്തൂരില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചാണ് പ്രതികള്‍ മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു