സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനൊരുങ്ങി ഹെൻറി

പാരിസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം തിയറി ഹെൻറി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് വിടപറയാന്‍ ഒരുങ്ങുകയാണ്. ഒടുങ്ങാത്ത വംശവെറിയും അധിക്ഷേപങ്ങളുമാണ് ഈ കടുത്ത തീരുമാനത്തിന് കാരണമായി ഹെൻറി പറയുന്നത്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി ഏതാണ്ട് 14.8 ദശലക്ഷം ഫോളോവര്‍മാരുള്ള താരമാണ് ഫ്രാന്‍സിന് സ്വന്തം നാട്ടില്‍ 1998ലെ ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഹെൻറി.

സുഹൃത്തുക്കളേ, നാളെ രാവിലെ മുതല്‍ എന്റെ എല്ലാ അക്കൗണ്ടുകളും ഉപേക്ഷിക്കുകയാണ്. പകര്‍പ്പാവകാശ നിയമം ലംഘിക്കുമ്പോള്‍ നടപടികള്‍ കൈക്കൊള്ളുന്ന അതേ കരുത്തോടെ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ കഴിയുന്നതുവരെ ഇത് തുടരും. വ്യക്തികള്‍ക്ക് മാനസികാഘാതമുണ്ടാക്കുന്ന തരത്തിലുളള വംശീയവിധ്വേഷവും അധിക്ഷേപങ്ങളുമെല്ലാം അവഗണിക്കാവുന്നതിലും അപ്പുറത്ത് വിഷ്‌ലിപ്തമായിക്കഴിഞ്ഞു. ഇതിനൊക്കെ എന്തെങ്കിലും തരത്തിലുള്ള നിയന്ത്രണവും ഉത്തരവാദിത്വവും ഉണ്ടായേപറ്റൂ.

ഇന്നൊരു അക്കൗണ്ട് സൃഷ്ടിക്കുകയും അജ്ഞാതരായിരുന്ന് ആരെയും അധിക്ഷേപിച്ച് സുരക്ഷിതരായിരിക്കുകയും ചെയ്യുക എളുപ്പമാണ്. ഇതൊക്കെ മാറുന്നതുവരെ ഞാന്‍ എന്റെ അക്കൗണ്ടുകളെല്ലാം ഉപേക്ഷിക്കുകയാണ്. ഇതിലൊരു മാറ്റം ഉടന്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു’- ഹെൻറി ട്വീറ്റ് ചെയ്തു. കളിക്കളത്തില്‍ ഉള്ളതിനേക്കാള്‍ വലിയ പ്രശ്‌നമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്ളതെന്നും സോഷ്യല്‍ മീഡിയ നല്ലതാണ്. അതിന്റോതായ ഗുണങ്ങളുമുണ്ട്. എന്നാല്‍, ഇന്നത് ഒട്ടും സുരക്ഷിതമല്ലാതായി മാറിയെന്നും പിന്നീട് സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഹെൻറി ആവര്‍ത്തിക്കുകയും ചെയ്തു.

രണ്ട് വര്‍ഷം മുന്‍പ് ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും പ്രൊഫഷണല്‍ താരങ്ങള്‍ വംശവെറിക്കെതിരേ ഇരുപത്തിനാല് മണിക്കൂര്‍ നേരത്തേയ്ക്ക് സോഷ്യല്‍ മീഡിയ ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍, ഒരു പ്രമുഖ താരം ഇത്രയും നീണ്ട കാലത്തേയ്ക്ക് അക്കൗണ്ടുകള്‍ ഡി ആക്റ്റിവേറ്റ് ചെയ്യുന്നത് ഇതാദ്യമായാണ്.

 

Top