തിരുവനന്തപുരം: നടന്‍ തിലകന്‍ അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിനു 2010 മാര്‍ച്ച് 23ന് ഏഴുതിയ കത്ത് മകള്‍ സോണിയ തിലകന്‍ പുറത്തുവിട്ടു. താരസംഘടന ‘അമ്മ’യുടെ നിലപാടുകളെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കത്താണ് വെളിച്ചത്തായിരിക്കുന്നത്.
കരാര്‍ ഒപ്പിട്ട ശേഷം നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തി സിനിമകളില്‍നിന്നു തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിട്ടും അമ്മ പ്രതികരിച്ചില്ലെന്ന് തിലകന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കെ.ബി.ഗണേഷ്‌കുമാറിന്റെ ഗുണ്ടകള്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടും മൊബൈല്‍ ഫോണില്‍ വധഭീഷണി നടത്തിയിട്ടും അമ്മ ഭാരവാഹികള്‍ അറിഞ്ഞ ഭാവം നടിച്ചില്ലെന്നും, സൂപ്പര്‍താരങ്ങളെയും ഫാന്‍സ് അസോസിയേഷനുകളെയും വിമര്‍ശിക്കുമ്പോള്‍ ക്രുദ്ധരാകുന്ന അമ്മ ഭാരവാഹികള്‍, അംഗങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുമ്പോഴും അവഗണിക്കപ്പെടുമ്പോഴും നിശബ്ദത പാലിക്കുന്നതു ന്യായീകരിക്കാനാവില്ലെന്നും, തന്റെ പ്രസ്താവനകള്‍ മൂലം ആര്‍ക്കെങ്കിലും അപമാനമുണ്ടായെന്നു ബോധ്യപ്പെടുത്തിയാല്‍ ഖേദം പ്രകടിപ്പിക്കാന്‍ സന്നദ്ധനാണ്.
സംഘടനയുടെ പോക്കു നേരായ ദിശയിലല്ലെന്നും ഇങ്ങനെ പോയാല്‍ അമ്മ കോടാലിയായി മാറുമെന്നും തിലകന്‍ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തിരിച്ചെടുത്ത അമ്മ തിലകന്റെ കാര്യത്തില്‍ ഇരട്ടത്താപ്പാണു കാണിച്ചതെന്നും, അച്ഛന്‍ ഖേദം പ്രകടിപ്പിക്കാന്‍ തയാറായിട്ടും അമ്മ ഭാരവാഹികളുടെ മനസ് അലിഞ്ഞില്ലെന്നു സോണിയ കുറ്റപ്പെടുത്തി.
മാത്രമല്ല, ‘ഇന്ത്യന്‍ റുപ്പി’ എന്ന ചിത്രത്തില്‍ അച്ഛനെ ഒഴിവാക്കണമെന്നു ചിലര്‍ സംവിധായകന്‍ രഞ്ജിത്തിനോട് ആവശ്യപ്പെട്ടതായി അറിയാമെന്നും, വിലക്കിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദവും അലച്ചിലുമാണ് അച്ഛനെ പെട്ടെന്നു മരണത്തിലേക്കു നയിച്ചതെന്നും സോണിയ പറഞ്ഞു.
മോഹന്‍ലാലിന് അയച്ച കത്തിന്റെ അഞ്ചു കോപ്പികള്‍ പ്രത്യേകം സൂക്ഷിക്കണമെന്നും തിലകന്‍ നിര്‍ദേശിച്ചിരുന്നത്രേ.