തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നടന്ന പ്രക്ഷോഭത്തിന്റെ പേരില്‍ താനും തന്ത്രി കണ്ഠരർ രാജീവരും കൂട്ടുപ്രതികളാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. കോടതിയലക്ഷ്യക്കേസിലാണ് തന്നെയും അദ്ദേഹത്തെയും പ്രതികളാക്കിയതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതിയുടെ പുരസ്‌കാരം ശബരിമല തന്ത്രി കണ്ഠരർ രാജീവര്‍ക്ക് സമര്‍പ്പിക്കുന്ന ചടങ്ങില്‍വെച്ചാണ് ഗോവ ഗവര്‍ണറുടെ പരാമര്‍ശം.
കോടതിയലക്ഷ്യക്കേസില്‍ മുന്നോട്ട് പോകണമെങ്കില്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി ആവശ്യമാണ്. പക്ഷെ, അദ്ദേഹം അനുമതി നിഷേധിച്ചു. കേസില്‍ കുറ്റം സമ്മതിക്കാതിരുന്നത് മുതലുള്ള കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. രഹന ഫാത്തിമയെ നടകയറ്റാന്‍ എത്തിച്ച സമയത്ത് ശബരിമലനട അടച്ചിടുമെന്ന് തന്ത്രി കണ്ഠരർ രാജീവര് പ്രഖ്യാപിച്ചത് വിശ്വാസികളുടെ കണ്ണില്‍ ചരിത്ര സംഭവമായാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്ന് കാര്യങ്ങള്‍ പലതും മാറ്റിപറഞ്ഞിട്ടുണ്ട്. ധര്‍മത്തിന് വേണ്ടി ഒരു തന്ത്രത്തെ പരാജയപ്പെടുത്താന്‍ കാര്യങ്ങള്‍ മാറ്റിപ്പറയാം. സുപ്രീംകോടതി വിധി രാജ്യത്തെ നിയമമാണ്. പക്ഷെ, അതിനെ വിമര്‍ശിക്കാന്‍ ജനാധിപത്യരാജ്യത്ത് പൗരന് അവകാശമുണ്ട്. അവരെ ദര്‍ശനത്തിന് അനുവദിക്കണമെന്ന് തന്ത്രിക്ക് നേരിട്ട് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടില്ലാത്തതിനാല്‍ കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. പിന്നീട് അത് മാറ്റിപ്പറയേണ്ടി വന്നു. കാരണം അന്ന് ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരോട് ഇതൊരു സുവര്‍ണാവസരമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഗാന്ധിയന്‍ രീതിയില്‍ സമരം ചെയ്യാന്‍ കിട്ടിയ അവസരമാണെന്നും പറഞ്ഞു. അതുപറയാനുള്ള സ്വാതന്ത്ര്യം എനിക്കില്ലേ? ജാമ്യമില്ലാ കുറ്റത്തിന് കേസെടുത്തു. അന്ന് ഈ സ്ത്രിയെ പതിനെട്ടാം പടിക്ക് താഴെയെത്തിച്ച പോലീസുകാരനെയാണ് കഴിഞ്ഞദിവസം നര്‍ക്കോട്ടിക് കേസില്‍ ഇടുക്കിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇങ്ങനെയാണ് കാലം. ഇതൊക്കെ കാലത്തിന്റെ ഗതിപ്രവാഹത്തില്‍ സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.