ഐഫോണ്‍ എസ്ഇ മൂന്നാം തലമുറ വരുന്നതായി റിപ്പോര്‍ട്ടുകള്‍

ഐഫോണ്‍ എസ്ഇ രണ്ടാം തലമുറ ഫോണിന് പിന്‍ഗാമിയെ ഇറക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ വിലകുറഞ്ഞ ഫോണ്‍ എന്ന പ്രശസ്തിയുള്ള ഐഫോണ്‍ എസ്ഇ ആ നിലവാരത്തില്‍ തന്നെ നിന്നുകൊണ്ട് പ്രത്യേകതയിലും ഡിസൈനുകളിലും മാറ്റത്തോടെയാണ് ആപ്പിള്‍ എത്തിക്കുക എന്നാണ് അഭ്യൂഹങ്ങള്‍ വരുന്നത്. ഓറഞ്ച്, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ ഇതുവരെ ഇറങ്ങാത്ത നിറങ്ങളില്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ പുതിയ പതിപ്പ് ഇറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജപ്പാനീസ് ടിപ്പ്‌സ്‌റ്റെര്‍ മാക്കോതക്കാര പുറത്തുവിടുന്ന വിവരങ്ങള്‍ അനുസരിച്ച് ഐഫോണ്‍ എസ്ഇ മൂന്നാം തലമുറ ഫോണ്‍ 5ജി കണക്ടിവിറ്റിയോടെയാണ് രംഗത്തെത്തുക എന്നാണ് പറയുന്നത്. ഒപ്പം തന്നെ പുതിയ ഐഫോണ്‍ എസ്ഇയില്‍ ഉപയോഗിക്കുന്ന ചിപ്പ് ആപ്പിളിന്റെ എ15 ബയോണിക്ക് ചിപ്പായിരിക്കും. ഇപ്പോള്‍ പുറത്തിറങ്ങിയ ഐഫോണ്‍ 13 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത് എ15 ബയോണിക്ക് ചിപ്പ് ശ്രേണിയാണ്. ഇസിം സപ്പോര്‍ട്ടും പുതിയ എസ്ഇക്ക് ആപ്പിള്‍ നല്‍കും എന്നാണ് സൂചന.

അതേ സമയം ഡിസൈനില്‍ കാര്യമായ മാറ്റം പുതിയ ഐഫോണ്‍ എസ്ഇയില്‍ വരുമോ എന്ന് വ്യക്തമല്ല. സ്‌ക്രീന്‍ വലിപ്പം 4.7 തന്നെ ആയിരിക്കും എന്നാണ് സൂചന. ഒപ്പം തന്നെ ടച്ച് ഐഡിയും, ഹോം ബട്ടണും ആപ്പിള്‍ പുതിയ എസ്ഇയിലും നിലനിര്‍ത്തിയേക്കും.

Top