ചന്ദ്രയാന്‍-2: മൂന്നാം ഭ്രമണപഥ മാറ്റവും വിജയകരമായി പൂര്‍ത്തീകരിച്ചു

ബംഗളൂരു:ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍-2 മൂന്നാം ഭ്രമണപഥ മാറ്റവും വിജയകരമായി പൂര്‍ത്തീകരിച്ചു. ഇന്ന് രാവിലെ 9:04നാണ് ചന്ദ്രയാന്റെ മൂന്നാം ഭ്രമണപഥ മാറ്റം ആരംഭിച്ചത്. തുടര്‍ന്ന് വെറും 11:90 സെക്കന്റുകള്‍ കൊണ്ട് ഇത് പൂര്‍ത്തിയാക്കുകയായിരുന്നു.

ഭ്രമണ പഥം മാറ്റിയതോടെ പേടകത്തിന്റെ ചന്ദ്രനില്‍ നിന്നുള്ള കുറഞ്ഞ ദുരം 179 കിലോമീറ്ററും കൂടിയ ദൂരം 1412 കിലോമീറ്ററും ആയിട്ടുണ്ട്. പേടകത്തിലുള്ള എഞ്ചിനുകള്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥം താഴ്ത്തിയത്. മറ്റന്നാളാണ് അടുത്ത ഭ്രമണപഥമാറ്റം. വൈകിട്ട് ആറുമണിക്കും ഏഴുമണിക്കും ഇടയ്ക്കായിരിക്കും ഇത് നടക്കുക. സെപ്തംബര്‍ രണ്ടിന് വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും വേര്‍പിരിയും. സെപ്തംബര്‍ ഏഴിന് ചന്ദ്രയാന്‍ 2 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും.

കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ ചന്ദ്രയാന്‍-2 പകര്‍ത്തിയ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഛിന്നഗ്രഹങ്ങള്‍, ഉല്‍ക്കകള്‍ പതിച്ചുണ്ടായ ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പേടകത്തിലെ ടെറൈന്‍ മാപ്പിംഗ് ക്യാമറയാണ് (ടി.എം.സി 2) ചിത്രങ്ങള്‍ പകര്‍ത്തിയത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 4,375 കിലോമീറ്റര്‍ അകലെനിന്നുള്ളവയാണ് ചിത്രങ്ങള്‍. ജാക്‌സന്‍, മിത്ര, മാക്, കെറേലേവ്, പ്ലാസ്‌കെറ്റ്, റോസ്ദെസ്റ്റെവെന്‍സ്‌കി, സോമര്‍ഫെല്‍ഡ്, കിര്‍ക്വുഡ്, ഹെര്‍മൈറ്റ് തുടങ്ങിയ ഗര്‍ത്തങ്ങളാണ് ചിത്രത്തില്‍ കാണുന്നത്.

Top