തിരുവനന്തപുരം: ഡല്‍ഹിയിലെ നാടോടി കലാകാരന്മാരുടെ കോളനിയായ കത്പുത്തിലിയയില്‍ നിന്നുള്ള കലാരൂപങ്ങളും രാജസ്ഥാനി നാടോടി ഗാനങ്ങളുടെ ലോകപ്രശസ്ത ബാന്‍ഡായ ബാര്‍മര്‍ ബോയ്‌സും അണിനിരക്കുന്ന മൂന്നുദിവസത്തെ ദേശീയ നാടോടി കലാസംഗമത്തിന് ഞായറാഴ്ച ടാഗോര്‍ തിയേറ്റര്‍ അങ്കണത്തില്‍ തുടക്കമാകും. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന ദേശീയ നാടോടി കലാസംഗമത്തിന്റെ മൂന്നാം പതിപ്പില്‍ ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, ഒറീസ, ബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടോടി കലാരൂപങ്ങള്‍ക്കൊപ്പം കേരളത്തില്‍ നിന്നുള്ള വിവിധ നാടോടി കലകളും അണിനിരക്കും. 26നാണ് കലാസംഗമം സമാപിക്കുന്നത്.
എല്ലാദിവസവും വൈകിട്ട് അഞ്ചിന് ഗ്രാമക്കാഴ്ചകള്‍ കലാസംഗമത്തിലുണ്ട്. അന്തിച്ചന്ത, ചായക്കട, അഞ്ചലാപ്പീസ്, തെരുവ് മാജിക്, നാടന്‍ പാട്ടുകള്‍ എന്നിവയാണ് ഗ്രാമക്കാഴ്ചകളിലുള്ളത്. കോഴിക്കോടുനിന്നുള്ള തെരുവുഗായകന്‍ ബാബു ശങ്കരന്‍ കുടുംബസമേതം എല്ലാ ദിവസവും പാട്ടുകളുമായി ഗ്രാമക്കാഴ്ചകളിലുണ്ടാകും.
ഞായറാഴ്ച വൈകിട്ട് 6.30ന് ആറങ്ങോട്ടുകര കുട്ടികളുടെ കലാപാഠശാല അവതരിപ്പിക്കുന്ന കൊയ്തുപാട്ടുകള്‍- പിറ, നാടന്‍ കലാരൂപങ്ങളും ഫുട്‌ബോളും കോര്‍ത്തിണക്കി മലപ്പുറം ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്റര്‍ അവതരിപ്പിക്കുന്ന നാടകം- ബൊളീവിയന്‍ സ്റ്റാര്‍സ് എന്നിവ അരങ്ങേറും.
25ന് വൈകിട്ട് 6.15ന് തിരികൊളുത്തല്‍, 6.30ന് ”ഇനിയുള്ള കാലം നമ്മള്‍ പാടാണ്ടിരുന്നാല്‍”- സംഗീത പരിപാടി, തുടര്‍ന്ന്, ‘പൂതപ്പാട്ട്’- ഇടശ്ശേരിക്കവിതയ്ക്ക് ലെനിന്‍ രാജേന്ദ്രന്‍ നല്‍കിയ രംഗാവിഷ്‌കാരം അദ്ദേഹത്തിനുള്ള സമര്‍പ്പണമായി അരങ്ങിലെത്തും. രാത്രി ഏഴിന് ലോകശ്രദ്ധയിലെത്തിയ ബാര്‍മര്‍ ബോയ്‌സിന്റെ പരമ്പരാഗത രാജസ്ഥാനി നാടോടി പാട്ടുകള്‍, ഗുജറാത്തില്‍ നിന്നുള്ള ദാന്തിയ റാസ്, ഡല്‍ഹിയിലെ നാടോടി കലാകാരന്മാരുടെ കോളനിയായ കത്പുത്തിലിയയില്‍ നിന്നുള്ള സംഘം അവതരിപ്പിക്കുന്ന ‘സ്വാഗത്’, ഒറീസ- ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നുള്ള ‘പുരുലിയ ചൗ’ എന്നിവ അരങ്ങിലെത്തും.
26ന് രാവിലെ 5.30ന് ‘നാട്ടുപുലര്‍ക്കാലം’- ബാവുള്‍ ഗായകന്‍ ദേവ് ചൗധരിയും ഹിന്ദുസ്ഥാനി ഗായകന്‍ അഭിലാഷ് വെങ്കിടാചലവും പാടുന്നു. വൈകിട്ട് 6.30ന് ഫക്കീര്‍ പാട്ടുകള്‍- ബംഗാളില്‍ നിന്നുള്ള ഏറ്റവും പ്രായംചെന്ന ഫക്കീര്‍ ഗായകനായ മന്‍സൂര്‍ ഫക്കീറും സംഘവും അവതരിപ്പിക്കുന്നു. തുടര്‍ന്ന് കര്‍ണാടകയില്‍ നിന്നുള്ള ‘ദുല്ലു കുനിത’, ഗുജറാത്തി നൃത്തം, ഡല്‍ഹിയില്‍ നിന്നുള്ള പുരന്‍ ഭട്ടും സംഘവും അവതരിപ്പിക്കുന്ന സംഗീത-നൃത്ത-പാവ നാടക സമന്വയമായ ‘ദോലാമാരു’ എന്നിവ ടാഗോറില്‍ അരങ്ങേറും.
രാത്രി 9.30 മുതല്‍ മാനവീയം വീഥിയില്‍ മൂര്‍ക്കനാട് പീതാംബരനും സംഘവും അവതരിപ്പിക്കുന്ന തിറയാട്ടവും ഒപ്പം പുരുലിയ ചൗവും ചേര്‍ന്നുള്ള പ്രത്യേക പരിപാടിയോടെയാണ് സംഗമം സമാപിക്കുക.