ക്യൂന്‍സ്ലാന്റ്: ഓസ്‌ട്രേലിയന്‍ വനിതകളുടെ വിജയക്കുതിപ്പിന് വിരാമമിട്ട് ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഓസീസിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ചിരുന്ന ഓസ്‌ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
ഏകദിനത്തില്‍ തുടര്‍ച്ചയായ 27-ാം വിജയം ലക്ഷ്യമിട്ടാണ് ഓസീസ് വനിതകള്‍ ക്യൂന്‍സ്ലാന്റില്‍ കളിക്കാനിറങ്ങിയത്.
ആദ്യം ബാറ്റു ചെയ്ത ആതിഥേയര്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി കണ്ടെത്തിയ ബെത് മൂണിയുടേയും അഷ്‌ലെ ഗാര്‍ഡ്‌നെറുടേയും പ്രകടനമാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 47 റണ്‍സോടെ തഹ്ലിയ മഗ്രാത് ഇരുവര്‍ക്കും പിന്തുണ നല്‍കി. ഇന്ത്യക്കായി ജുലന്‍ ഗോസ്വാമിയും പൂജ വസ്ത്രാകറും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ഓപ്പണിങ് വിക്കറ്റില്‍ 59 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 22 റണ്‍സെടുത്ത മന്ദാന പുറത്തായശേഷം ക്രീസിലെത്തിയ യസ്തിക ഭാട്ടിയ ഷഫാലിക്ക് പറ്റിയ കൂട്ടാളിയായി. ഇരുവരും രണ്ടാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഷഫാലി 91 പന്തില്‍ 56 റണ്‍സെടുത്തപ്പോള്‍ 69 പന്തില്‍ യസ്തിക 64 റണ്‍സ് അടിച്ചെടുത്തു.
എന്നാല്‍ ഇരുവരും പുറത്തായ ശേഷം ഇന്ത്യ തകര്‍ന്നു. ആറു വിക്കറ്റിന് 208 റണ്‍സ് എന്ന നിലയിലേക്ക് വീണു. പിന്നീട് ദീപ്തി ശര്‍മ-സ്‌നേഹ് റാണ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സ്‌നേഹ് 30 റണ്‍സെടുത്തപ്പോള്‍ ദീപ്തി 31 റണ്‍സ് നേടി.
എന്നാല്‍ വിജയത്തിന് തൊട്ടടുത്തുവെച്ച് ഇരുവരും പുറത്തായി. അവസാന ഓവറില്‍ ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് നാല് റണ്‍സായിരുന്നു. ക്രീസിലുണ്ടായിരുന്നത് ജുലന്‍ ഗോസ്വാമിയും മേഘ്‌നാ സിങ്ങും. ആ ഓവറിലെ മൂന്നാം പന്തില്‍ ബൗണ്ടറി കണ്ടെത്തി ജുലന്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.