പുനെ: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിനും ടി20ക്കും പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ടീം ഇന്ത്യ. അവസാന ഓവര്‍ ത്രില്ലറിലേക്ക് നീണ്ട മൂന്നാം ഏകദിനത്തില്‍ ഏഴ് റണ്‍സിന് വിജയിച്ചതോടെ പരമ്പര 2-1ന് ഇന്ത്യയുടെ സ്വന്തമായി.അപ്രതീക്ഷിതമായ ഇന്നിങ്സുമായി മധ്യനിരയില്‍ കളം നിറഞ്ഞ സാം കറനും അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് മലനും ഒഴിച്ച് ബാക്കിയാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ഇംഗ്ലണ്ട് പരാജയം സമ്മതിക്കുകയായിരുന്നു.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 329 റണ്‍സില്‍ പുറത്തായി. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളും ഏഴാം വിക്കറ്റില്‍ ഷാര്‍ദുല്‍ താക്കൂര്‍-ക്രുനാല്‍ പാണഡ്യ കൂട്ടുകെട്ടുമാണ് ഇന്ത്യക്ക് തുണയായത്.
ടെസ്റ്റ് പരമ്പരയില്‍ (3-1)ന് ഇന്ത്യ വിജയിച്ചപ്പോള്‍, ടി20യിലും അത് തന്നെ ആവര്‍ത്തിച്ചു. ആതിഥേയരുടെ വിജയം (3-2)ന്. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന വിജയിച്ച സ്കോറിനേക്കാള്‍ കുറവായിരുന്നു ഇത്തവണ ഇന്ത്യ ഉയര്‍ത്തിയത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം 43 ഓവറിലാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. അത്രയും ഫോമിലുള്ള ബാറ്റിങ് നിരയെക്കൊണ്ട് ഈ മത്സരവും അനായാസം ജയിക്കാമെന്ന കണക്കുകൂട്ടലാണ് ഇംഗ്ലണ്ടിന് വിനയായത്.