2024ല്‍ മൂന്നാം യുപിഎ സര്‍ക്കാര്‍ സാധ്യമാകും; കപില്‍ സിബല്‍

ഡല്‍ഹി: 2024-ല്‍ മൂന്നാം യു.പി.എ. സര്‍ക്കാര്‍ യാഥാര്‍ഥ്യമാവാന്‍ സാധ്യതയെന്ന് രാജ്യസഭാ എം.പിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പൊതുവായ ലക്ഷ്യവും അത് പ്രതിഫലിപ്പിക്കുന്ന അജന്‍ഡയും സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ കൊടുക്കല്‍ വാങ്ങലിന്റെ മനോഭാവവും ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് കപില്‍ സിബലിന്റെ പ്രതികരണം.

പ്രതിപക്ഷത്തിന് പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാട് ഉണ്ടാവണം. കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയം ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ്. എന്നാല്‍, ഇതേ സാഹചര്യത്തിലല്ല ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുക. 2024-ലെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായല്ല, അദ്ദേഹം നടപ്പാക്കാന്‍ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ യഥാര്‍ഥ പ്രതിപക്ഷം കോണ്‍ഗ്രസാണ്. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ് പ്രാമുഖ്യം. എന്നാല്‍, അവിടെ ചില മണ്ഡലങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടാവാം. തമിഴ്നാട്ടില്‍ കാലങ്ങളായി കോണ്‍ഗ്രസും ഡി.എം.കെയും ഒന്നിച്ചാണ് തിരഞ്ഞെടുപ്പുകളെ നേരിടുന്നത്.’ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടിയില്‍ ബി.ജെ.പിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കഴിയുമോയെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷപാര്‍ട്ടികള്‍ തമ്മില്‍ ഗുരുതരമായ അഭിപ്രായവ്യത്യാസമുണ്ടെന്ന പ്രചാരണം തന്നെ അതിരുകടന്നതാണെന്ന് കപില്‍ സിബല്‍ അഭിപ്രായപ്പെട്ടു.

‘തെലങ്കാനയില്‍ ചില പ്രശ്നങ്ങളുണ്ടായേക്കാം. കോണ്‍ഗ്രസും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസും തെലുങ്കുദേശം പാര്‍ട്ടിയും ഒറ്റയ്ക്ക് മത്സരിക്കുന്ന ആന്ധ്രാപ്രദേശില്‍ പ്രതിപക്ഷ ഐക്യത്തിന് തന്നെ സാധ്യതയില്ല. ഗോവയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമുണ്ടാവുക. ഉത്തര്‍പ്രദേശില്‍ യഥാര്‍ഥ പ്രതിപക്ഷത്തെ പ്രതിനിധീകരിക്കുന്നത് സമാജ്വാദി പാര്‍ട്ടിയാണ്. ആര്‍.എല്‍.ഡിക്കും കോണ്‍ഗ്രസിനും എസ്.പിയുമായി സഖ്യമാവാം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചതിനാല്‍ ബി.എസ്.പിയുമായി സഖ്യം സാധ്യമാവില്ല. കോണ്‍ഗ്രസിന് ശക്തിയില്ലാത്ത ബിഹാറില്‍ മുന്നണിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നാണ് കരുതുന്നത്’, കപില്‍ സിബല്‍ പറഞ്ഞു.

വെള്ളിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ബിഹാറിലെ പട്നയില്‍ യോഗം ചേരാനിരിക്കെയാണ് സിബലിന്റെ പ്രതികരണം. ഒന്നും രണ്ടും യു.പി.എ. സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന കപില്‍ സിബല്‍ നേരത്തേ കോണ്‍ഗ്രസ് വിട്ടിരുന്നു. നിലവില്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയില്‍ രാജ്യസഭയില്‍ സ്വതന്ത്ര എം.പിയാണ് അദ്ദേഹം.

 

Top