തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ടെസ്റ്റ് പോസിറ്റീവ് നിരക്കിലും രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കേണ്ടതില്ലെന്നാണ് നിലവിലെ സര്‍ക്കാര്‍ തീരുമാനം. രോഗവ്യാപനത്തില്‍ കുറവുണ്ടായെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നാണ് അവലോകനയോഗത്തിന്റെ വിലയിരുത്തല്‍.
രോഗികളുടെ എണ്ണം 50000ത്തിന് താഴെയെത്തിയതും ടിപിആര്‍ 42ലേക്ക് കുറഞ്ഞതും ആശ്വാസം നല്കുന്നു. തിരുവനന്തപുരത്തെ രോഗവ്യാപനത്തിലും കാര്യമായ കുറവുണ്ട്. എന്നാല്‍ എറണാകുളത്തും തൃശൂരിലും സ്ഥിതി ഗുരുതരമാണ്. എറണാകുളത്ത് ഇന്നലെയും രോഗികളുടെ എണ്ണം 9000ന് മുകളിലാണ്.
കാറ്റഗറി തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. ഞായറാഴ്ച നിയന്ത്രണത്തിലും മാറ്റമില്ല. നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയതിനാലാണ് തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകളില്‍ കേസുകള്‍ കുറയുന്നതെന്നാണ് വിലയിരുത്തല്‍. ഈ മാസം പകുതിയോടെ മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുമെന്ന് ആരോഗ്യ വകുപ്പ് കണക്കുകൂട്ടുന്നത്.