തിരുവനന്തപുരം: മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്‍കാരമായ എഴുത്തച്ഛന്‍ പുരസ്‍കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. 5 ലക്ഷം രൂപയും മംഗളപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യലോകത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. കോട്ടയത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വി എൻ വാസവനാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് എന്നിവരംഗങ്ങളുമായ സമിതിയാണ് വിധി നിര്‍ണയിച്ചത്.
നോവലുകളും കഥകളും രണ്ട് ബാലസാഹിത്യ കൃതികളുൾപ്പെടെ നാൽപ്പതോളം കൃതികൾ രചിച്ചിട്ടുണ്ട്. കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (പേടിസ്വപ്നം, പാണ്ഡവപുരം), മുട്ടത്തുവർക്കി അവാർഡ് (പാണ്ഡവപുരം), മലയാറ്റൂർ അവാർഡ് (കൈമുദ്രകൾ), വിശ്വദീപം അവാർഡ് (നിയോഗം), പത്മരാജൻ അവാർഡ് (ഉയരങ്ങളിൽ) എന്നിവ ലഭിച്ചിട്ടുണ്ട്.
2005ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. 2012 സെപ്റ്റംബർ 5ന് സേതുവിനെ നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. പാണ്ഡവപുരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ മാക്മില്ലൻസ് പ്രസിദ്ധീകരിച്ചു. പാണ്ഡവപുരം, ഞങ്ങൾ അടിമകൾ എന്നിവ സിനിമയായി. സുകുമാർ അഴിക്കോടിനു ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ഇദ്ദേഹം.