താല്‍ക്കാലിക പാലവും തകര്‍ന്നു, ഒറ്റപ്പെട്ടത് നൂറു കുടുംബങ്ങള്‍, ഇപ്പോഴും മരണഭീതിയില്‍

തിരുനെല്ലി: സംഹാര താണ്ഡവമാടുന്ന മഴയുടെ ക്രൂരതയില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ നൂറോളം കുടുംബങ്ങള്‍.

തിരുനെല്ലി നിട്ടറയിലെ താല്‍ക്കാലിക പാലവും ഒലിച്ചുപോയതോടെയാണ് ഇവര്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ത്രിശങ്കുവിലായിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന പാലം മഴയില്‍ ഒലിച്ചുപോയതോടെയാണ് താല്‍ക്കാലിക മരപ്പാലം നിര്‍മ്മിച്ചിരുന്നത്.

ഇനിയും അധികൃതര്‍ കണ്ണു തുറന്നില്ലെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമെന്ന ആശങ്കയിലാണ് പരിസ്ഥിതിവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍. സങ്കീര്‍ണ്ണമായ ഈ സാഹചര്യം മനസ്സിലാക്കി ജില്ലാ ഭരണകൂടവും സര്‍ക്കാറും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പാലത്തിന്റെ ചെറിയഭാഗം മാത്രമാണ് ഇപ്പോള്‍ പുഴയ്ക്ക് നടുവിലായി ബാക്കിയുള്ളത്. മുളക്കമ്പുകളും മരത്തടികള്‍ കൊണ്ടും താല്ക്കാലികമായി നിര്‍മ്മിച്ച ഈ നിട്ടറപാലമാണ് കരിമം, നിട്ടറ, ചിന്നടി, വെള്ളറോടി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മറുകരയെത്താനുള്ള ഏക ആശ്രയം.

കെ. അനന്തന്‍ നമ്പ്യാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്താണ് 2003-04 വര്‍ഷം വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാളിന്ദി പുഴയ്ക്ക് കുറുകെ നിട്ടറ പാലം നിര്‍മിച്ചത്. 5.8 ലക്ഷം രൂപയാണ് തിരുനെല്ലി പഞ്ചായത്ത് പാലത്തിനായി നീക്കി വെച്ചത്.

ജനകീയ കമ്മിറ്റി രൂപീകരിച്ചാണ് പാലം നിര്‍മിച്ചത്. പുഴയില്‍ വലിയ കുഴലുകള്‍ സ്ഥാപിച്ചാണ് ഇതിനു മുകളില്‍ പാലമുണ്ടാക്കിയത്.

എന്നാല്‍, തിരുനെല്ലിയിലാകെ വ്യാപക നാശം വിതച്ച ശക്തമായ മഴയില്‍ നിട്ടറപാലത്തിന്റെ ഇരുവശവും ഒലിച്ചു പോവുകയായിരുന്നു.

പിന്നീട് പല ജനപ്രതിനിധികളും പാലം സന്ദര്‍ശിച്ച് പോയതല്ലാതെ തുടര്‍ നടപടികളൊന്നും തന്നെ കൈക്കൊണ്ടിട്ടില്ല.

ഒ.ആര്‍. കേളു എം.എല്‍.എ. യുടെ ശ്രമത്തെ തുടര്‍ന്ന് പുതിയ പാലം നിര്‍മിക്കാന്‍ പത്ത് കോടി അനുവദിച്ചിട്ടുണ്ട്. എന്നാല്‍, അധികൃതരുടെ കെടുകാര്യസ്ഥതമൂലം ഇതുവരെയും പണി തുടങ്ങാനായിട്ടില്ല.

Top