മലപ്പുറം: സ്‌കൂള്‍ കുട്ടികളെ നവകേരള സദസില്‍ എത്തിക്കണമെന്ന നിര്‍ദേശത്തില്‍ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ. കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ടില്ലെന്ന് ഡിഇഒ പറയുന്നു. പഠനത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ കീഴില്‍ കുട്ടികളെ കൊണ്ടുപോകാം. അതിന് സ്‌കൂള്‍ ബസ് ഉപയോഗിക്കാം എന്നായിരുന്നു നിര്‍ദേശമെന്നും ഡിഇഒ വിക്രമന്‍ വിശദീകരിച്ചു.
നവകേരള സദസിന് ആളെ കൂട്ടാന്‍ സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാന്‍ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഓരോ സ്‌കൂളില്‍ നിന്നും കുറഞ്ഞത് 200 കുട്ടികള്‍ എങ്കിലും വേണമെന്നാണ് നിര്‍ദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാല്‍ മതിയെന്നും നിര്‍ദേശിച്ചിരുന്നു.