പന്തളം: ശബരിമല മകരവിളക്കിനു മുന്നോടിയായി പന്തളത്തുനിന്നുള്ള തിരുവാഭരണഘോഷയാത്രയില്‍ പങ്കെടുക്കാനുള്ള പട്ടികയില്‍ മാറ്റം വരുത്തില്ലെന്നും പൊലീസില്‍ നിന്ന് കേസുള്ളവരെ ഒഴിവാക്കാനുള്ള നിര്‍ദേശം കിട്ടിയിട്ടില്ലെന്നും പന്തളം കൊട്ടാരം.
നാമജപത്തില്‍ പങ്കെടുത്തതിന് കേസുകള്‍ നേരിടുന്ന കാര്യം കൊട്ടാരത്തിന് പരിഗണിക്കേണ്ടതില്ല. അതിന്റെ പേരില്‍ തിരുവാഭരണത്തെ അനുഗമിക്കുന്നത് ഒഴിവാക്കില്ലെന്നും തിരുവാഭരണത്തെ അനുഗമിക്കുന്നവരില്‍ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങുമെന്നും കൊട്ടാരം പ്രതിനിധി അറിയിച്ചു. തിരുവാഭരണത്തെ അനുഗമിക്കുന്ന 40 പേരുടെ പട്ടിക പൊലീസിന് കൈമാറിയെന്നും പന്തളം കൊട്ടാരം കൂട്ടിച്ചേര്‍ത്തു.
നാമജപഘോഷയാത്രയില്‍ പങ്കെടുത്തതിന് കേസുകള്‍ നേരിടുന്നവര്‍ക്ക് തിരുവാഭരണഘോഷയാത്രയില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സാധാരണ ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് വേണം. ഇത്തവണ പങ്കെടുക്കുന്നവര്‍ക്കാണ് പൊലീസ് പ്രത്യേക ഉപാധികള്‍ വച്ചത്. ഈ ഉപാധികളാണ് കൊട്ടാരം പരിഗണിക്കുന്നില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പൊലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തിരുവാഭരണ ഘോഷയാത്രയ്ക്ക് പൊലീസ് സംരക്ഷണം തേടി പന്തളം കൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു മറുപടി. ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു.
നിലവിലെ അവസ്ഥയില്‍ സന്നിധാനത്തേക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോഴും തിരിച്ചെത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.