തിരവല്ലത്തു കണ്ടെത്തിയ മൃതദേഹം ലിത്വാനിയ സ്വദേശിനിയുടേതാകാമെന്ന് പൊലീസ്

liga

തിരുവനന്തപുരം: തിരുവല്ലത്തു കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒരു മാസം മുന്‍പ് കാണാതായ ലിത്വാനിയ സ്വദേശിനി കാലിഗ സ്‌ക്രോമാന്റെതാകാമെന്നു പൊലീസ്. മാര്‍ച്ച് 14-നാണ് ഇവരെ കാണാതായത്. സ്ഥിരീകരണത്തിനു പൊലീസ് ഡിഎന്‍എ പരിശോധന നടത്തും.

ലിഗയുടെ വസ്ത്രങ്ങള്‍ ലിഗയുടെ ഭര്‍ത്താവും സഹോദരിയും തിരിച്ചറിഞ്ഞിട്ടുണ്ട്. തല വേര്‍പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുകൊണ്ടുതന്നെ കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ട്. ഇതു സൂചിപ്പിക്കുന്ന തെളിവുകള്‍ പൊലീസിനു ലഭിച്ചുകഴിഞ്ഞു. ഈ വഴിക്കും അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച തിരുവല്ലം പുനംതുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണു അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

ഫെബ്രുവരി 21-നാണ് കടുത്ത വിഷാദ രോഗത്തെ തുടര്‍ന്നു പോത്തന്‍കോട് ഐരൂപ്പാറ അരുവിക്കരക്കോണത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ലിഗ ചികിത്സയ്ക്കായി എത്തിയത്. തുടര്‍ന്നു 14-ന് ഇവരെ കാണാതാകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരി പൊലീസില്‍ വിവരം അറിയിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ അന്വേഷണം ഇതുവരെ എങ്ങുമെത്തിയിരുന്നില്ല.

കാണാതാകുമ്പോള്‍ പണമോ പാസ്‌പ്പോര്‍ട്ടോ ലിഗയുടെ കൈയില്‍ ഇല്ലായിരുന്നു. നേരത്തെ, തമിഴ്‌നാട്ടിലെ കുളച്ചല്‍ തീരത്തുനിന്നും വിദേശ വനിതയുടേതെന്നു കരുതുന്ന ഒരു മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരിച്ചത് ലിഗ അല്ലെന്നു സ്ഥിരീകരിക്കുകയായിരുന്നു.

Top