തിരുവല്ലം വണ്ടിതടത്ത് ചേട്ടന്‍ അനിയനെ കൊന്ന് കുഴിച്ചു മൂടി; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവല്ലം വണ്ടിതടത്ത് ചേട്ടന്‍ അനിയനെ കൊന്ന് കുഴിച്ചു മൂടി. രാജ് (36) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ ബിനുവിനെ കസ്റ്റഡിയിലെടുത്തു. മകനെ കാണാനില്ലെന്ന് അമ്മ നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ വീടിന്റെ പിന്‍ഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോള്‍ മകന്‍ രാജിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മകനെ കാണാനില്ലെന്ന് കാണിച്ച് രാജിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിന്റെ സഹോദരന്‍ ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. നിരന്തരം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സത്യം പുറത്തുവരുന്നത്. സഹോദരനെ കൊന്ന് വീടിന്റെ പിറകില്‍ കുഴിച്ച് മൂടിയെന്ന് ബിനു പൊലീസിന് മൊഴി നല്‍കി. ഇന്ന് രാവിലെയാണ് ബിനു കുറ്റസമ്മതം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. മൃതദേഹം കണ്ടെത്താനായിട്ടുണ്ട്.

രാജിന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി പൊലീസ് പറയുന്നു. അമ്മ ബന്ധുവീട്ടിലേക്ക് പോയ സമയത്ത് സഹോദരങ്ങള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാജിനെ ബിനു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ബിനു പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Top