തിരുവനന്തപുരം: കശുവണ്ടി വ്യവസായമേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കേ വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കമ്പനി ഉടമകളുടെ വീട് ജപ്തി ചെയ്യില്ലെന്ന് ബാങ്ക് പ്രതിനിധികള്‍. പ്രതിസന്ധി പരിഹരിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബാങ്ക് പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.
കശുവണ്ടിമേഖലയിലുള്ള പ്രശ്‌നങ്ങള്‍ ആരുടെയും മനസ്സിനെ വേദനിപ്പിക്കുന്നതാണെന്നും, ബാങ്കില്‍നിന്ന് വായ്പയെടുത്തവര്‍ക്കെതിരെ സര്‍ഫാസി ഉള്‍പ്പടെയുള്ള നടപടികളെടുക്കുന്നത് വലിയ മാനുഷികപ്രശ്‌നങ്ങള്‍ ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായ്പകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുക, പലിശനിരക്ക് കുറച്ച് വായ്പകള്‍ പുനഃക്രമീകരിക്കുക, ഹ്രസ്വകാലവായ്പകള്‍ ദീര്‍ഘകാലവായ്പയായി മാറ്റുക, പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ നടപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കമ്പനികള്‍ ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ അസറ്റ് റീസ്ട്രക്ചറിംഗ് കമ്പനിക്ക് കൈമാറുന്നത് നിര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, കുറഞ്ഞ പലിശാ നിരക്കില്‍ വായ്പ നല്‍കാന്‍ ആര്‍ബിഐ. മുന്‍കൈയെടുക്കണമെന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ടുവെച്ചു.