തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ളാദ പ്രകടനങ്ങൾ നടത്തുമ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. 50ൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു.
വോട്ടെണ്ണലിനെത്തുന്ന സ്ഥാനാർഥികളും കൗണ്ടിങ് ഏജന്റുമാരും കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. സ്ഥാനാർഥിക്കും തെരഞ്ഞെടുപ്പ് ഏജന്റിനും പുറമേ ഒരു കൗണ്ടിങ് ഏജന്റിനെ മാത്രമേ വോട്ടെണ്ണലിന് ചുമതലപ്പെടുത്താനാവൂ. ഇവർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ കൈയുറ, മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. കൗണ്ടിങ് ഓഫിസർമാരും കോവിഡ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും കളക്ടർ പറഞ്ഞു.