തിരുവനന്തപുരം ന​ഗരസഭക്ക് ആദ്യമായി സ്വരാജ് ട്രോഫി പുരസ്കാരം; ജനങ്ങൾക്ക് സമർപ്പിക്കുന്നെന്ന് മേയർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിന് ഏർപ്പെടുത്തുന്ന സ്വരാജ് ട്രോഫി പുരസ്കാരം ഇത്തവണ തിരുവനന്തപുരം ന​ഗരസഭക്ക്. 2021-22 വർഷത്തെ പുരസ്കാരമാണ് ഇത്തവണ പ്രഖ്യാപിച്ചത്. ആദ്യമായാണ് തിരുവനന്തപുരം നഗരസഭയ്ക്ക് പുരസ്കാരം ലഭിച്ചത്. വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ മികവ് മുൻ നിർത്തിയാണ് സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരം ലഭിച്ചത്.

പുരസ്കാരം നഗരവാസികളായ ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. തുടർന്നുള്ള വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ നടപ്പാക്കാൻ പുരസ്കാര നേട്ടം പ്രചോദനമാകുമെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി . പുരസ്കാരം നേടിയെടുക്കുന്നതിൽ ഒപ്പം നിന്ന ഡെപ്യൂട്ടി മേയർ, നഗരസഭ സെക്രട്ടറി, കൗൺസിൽ അംഗങ്ങൾ, നഗരസഭ ജീവനക്കാർ എന്നിവർക്ക് നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.

Top