തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ കേസെടുത്ത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ ചെയ്‌തേക്കും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും.
ഉപയോഗിച്ച ലെറ്റർ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണ് പ്രചരിച്ചതെന്നാണ് മേയർ മൊഴി നൽകിയത്.മേയറുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്.
ലെറ്റർ ഹെഡും ഉപയോഗിച്ചിരിക്കുന്ന സീലും തന്റെ ഓഫീസിലേത് തന്നെയാണ് എന്ന് അന്വേഷണ സംഘത്തിനോട് ആര്യ പറഞ്ഞതായാണ് സൂചന. ഉപയോഗിച്ച ലെറ്റർ ഹെഡുകൾ കോർപ്പറേഷന്റെ പല വിഭാഗങ്ങളിലുമുണ്ട്. അതെടത്ത് ലെറ്റർ ഹെഡും സീലും മാത്രം നിലനിർത്തി മറ്റു ഭാഗങ്ങൾ എഡിറ്റ് ചെയ്താണ് കത്ത് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ആര്യ മൊഴി നൽകിയത് എന്നാണ് സൂചന.
കോർപ്പറേഷനിൽ താത്ക്കാലിക നിയമനങ്ങൾക്ക് പട്ടിക ചോദിച്ചുകൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ നൽകിയത് എന്ന തരത്തിലാണ് കത്ത് പുറത്തുവന്നത്. വിവാദത്തിന് പിന്നാലെ, സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.