തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കൂടാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഇത് മുന്നില്‍ കണ്ട് തിരുവനന്തപുരത്ത് പുതിയ സിഎഫ്എല്‍ടിസികള്‍ തുറക്കാനാണ് തീരുമാനം. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി.ഇപ്പോൾ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണു നടപടി. ജില്ലയില്‍ കോവിഡ് വ്യാപനതോത് വലിയ അളവില്‍ കുറഞ്ഞെങ്കിലും ഇനിയുള്ള ദിനങ്ങളിലും കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധ നടപടികള്‍ തുടരണമെന്നു കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ കൂടുതലായി സാമൂഹിക ഇടപെടലുകള്‍ നടത്തിയതോടെ ഇനിയുള്ള രണ്ടാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായേക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. ഈ സാഹചര്യത്തെ നേരിടാന്‍ രോഗ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. ഇതു മുന്‍നിര്‍ത്തി ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ (സിഎഫ്എല്‍ടിസി) പ്രവര്‍ത്തനമടക്കം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ്.