തിരുവനന്തപുരം: ജില്ലക്കകത്തും പുറത്തും പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ രക്ഷാ സൈന്യം രൂപീകരിക്കാന്‍ തീരുമാനിച്ചതായി മേയര്‍ കെ ശ്രീകുമാര്‍. ദുരിത ബാധിത പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെയും അവരുടെ ബോട്ടുകളുടെയും സേവനം ഉറപ്പാക്കാനാണ് രക്ഷാ സൈന്യത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ ഇരുപത്തിയഞ്ച് ബോട്ടുകളും അതിനാവശ്യമായ മത്സ്യത്തൊഴിലാളികളെയുമാണ് നഗരസഭ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കുന്നത്. രക്ഷാ സൈന്യം വിവിധ സ്ഥലങ്ങളിലേക്ക് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പോകേണ്ടി വരുമ്പോഴുണ്ടാവുന്ന മുഴുവന്‍ ചിലവുകളും നഗരസഭ തന്നെ വഹിക്കുമെന്നും മേയര്‍ പറഞ്ഞു.
രക്ഷാ സൈന്യത്തിന്റെ ഭാഗമാവാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്. നഗരസഭാ പരിധിയിലുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാനാവുക. നിലവിലെ സാഹചര്യത്തില്‍ രക്ഷാ സൈന്യത്തില്‍ വോളന്റിയര്‍മാരായി രജിസ്റ്റര്‍ ചെയ്യുന്നവരെ രക്ഷാ പ്രവര്‍ത്തങ്ങള്‍ക്ക് അയക്കുന്നതിന് മുമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ കൊവിഡ് പരിശോധനയടക്കം പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും അയക്കുക. നഗരസഭാ പരിധിയിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍ 9496434410