കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തുടരന്വേഷണം എങ്ങനെ വേണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ കൊച്ചിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. കേസ് സംബന്ധിച്ച് കസ്റ്റംസിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.
അതേസമയം, ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ജോയിന്റ് കമ്മീഷണര്‍ അനിഷ് രാജന്‍ പറഞ്ഞു. സ്വര്‍ണം പിടികൂടിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉള്‍പ്പെടെ വിളികള്‍ വന്നിരുന്നെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇത് തെറ്റാണെന്ന് കഴിഞ്ഞ ദിവസം അനിഷ് രാജന്‍ പറഞ്ഞത് വിവാദമാവുകയായിരുന്നു. അനീഷ് രാജന്‍ സിപിഎം ബന്ധമുള്ളയാളാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ കസ്റ്റംസ് കമ്മിഷണറോട് ചോദിക്കണമെന്നുമാണ് യോഗത്തിനെത്തിയ അനീഷ് രാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, കസ്റ്റംസ് കമ്മിഷണര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. കേസിന്റെ അടുത്ത ഘട്ടത്തില്‍ യുഎഇ കോണ്‍സുലേറ്റ് തലവനെ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. അതിനിടെ ഒളിവിലുള്ള പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായാണ് സൂചന. ഇതിനായി സ്വപ്നയുമായി ബന്ധമുള്ള ആളുകള്‍ കൊച്ചിയിലെ പ്രമുഖ അഭിഭാഷകരെ സമീപിച്ചതായാണ് വിവരം.