തിരുവനന്തപുരം: വൃത്തിഹീനമായ ഹോട്ടലുകള്‍ക്കെതിരായ ഭക്ഷ്യ സുരക്ഷാവകുപ്പ് കാര്യമായ നടപടി എടുക്കുന്നില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. വൃത്തിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികളുണ്ടാവണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.
സാമൂഹ്യ സംഘടനയായ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവെത്തിയിരിക്കുന്നത്. ഹോട്ടലുകളിലെ വൃത്തിഹീനമായ സാഹചര്യങ്ങളെ കുറിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വകുപ്പ് നടത്തിയ ഇടപെടല്‍ ഹോട്ടലുകളിലെ വൃത്തിയും, ഭക്ഷണത്തിലെ മായം ചേര്‍ക്കലും അടക്കമുള്ള നിയമ ലംഘനങ്ങള്‍ തടയുന്നതിന് പര്യാപ്തമല്ലെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
പഴകിയ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്ക് മേല്‍ 500 രൂപ പിഴ ചുമത്തിയ ശേഷം അവരെ വീണ്ടും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇത്തരത്തില്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികളിലേക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് കടക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നു.