തിരുവനന്തപുരം വിമാനത്താവളം: സ്വകാര്യവല്‍ക്കരണം തടയണമെന്ന ഹർജി ഇന്ന് പരിഗണിക്കും

Thiruvananthapuram International Airport

കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാരും കെഎസ്‌ഐഡിസിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിമനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

വിമാനത്താവളത്തിനായി തിരുവിതാംകൂര്‍ രാജ്യം നല്‍കിയ 258 ഏക്കര്‍ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിനാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യവത്കരണമുണ്ടാകില്ലെന്ന ധാരണയില്‍ 2003ല്‍ 27 ഏക്കര്‍ ഭൂമി സൗജന്യമായി ഏറ്റെടുത്ത് നല്‍കിയിരുന്നുവെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയിരുന്നത്.

രേഖകള്‍ പരിശോധിച്ച ശേഷം ഇന്ന് അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കും. വിമാനത്താവളത്തിന്റെ നടത്തിപ്പുകാരെ കണ്ടെത്തുവാനുള്ള സാമ്പത്തിക ബിഡില്‍ ഏറ്റവും ഉയര്‍ന്ന തുക സമര്‍പ്പിച്ചിരിക്കുന്നത് അദാനി ഗ്രൂപ്പാണ്.

മംഗലാപുരം ,ജയ്പൂര്‍ തുടങ്ങി മറ്റു നാല് വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി ഗ്രൂപ്പ് ആയിരുന്നു മുന്നിലെത്തിയത്. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങളിലെയും ബിഡില്‍ അദാനി തന്നെയാണ് മുന്നിലെത്തിയിരിക്കുന്നത്.

Top