കൊറോണ വൈറസ് സംശയത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഹരിയാന സ്വദേശി മുങ്ങി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംശയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഹരിയാന സ്വദേശി കടന്നുകളഞ്ഞു. ജര്‍മ്മനിയില്‍ നിന്നും വന്ന ഇയാളെ ഇന്ന് ഉച്ചക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

ആലപ്പുഴയിലും ഇന്നലെ സമാനമായ സംഭവം നടന്നിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് വിദേശ ദമ്പതികള്‍ ചാടിപ്പോയത്. പിന്നീട് ഇവരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കണ്ടെത്തി. ഇവര്‍ ഇപ്പോള്‍ ആലുവ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. യുകെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസുലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഇതിന് തയ്യാറാകാതെയാണ് ഇവര്‍ കടന്നുകളയുകയായിരുന്നു. എക്‌സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒമ്പതിനാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലും സമാനമായ സംഭവം ഉണ്ടായി. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് അഞ്ച് പേരാണ് ചാടിപ്പോയത്. ഇവരില്‍ നാല് പേരുടേയും സ്രവ പരിശോധനാ ഫലം വന്നിട്ടില്ല. ഒരാളുടേത് നെഗറ്റീവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Top