തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മില്‍മ പാല്‍ വിതരണം നിര്‍ത്തില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. പാല്‍ വിതരണം മുടങ്ങില്ലെന്ന് ക്ഷീരവകുപ്പ് മന്ത്രി ഉറപ്പ് നല്‍കി. പാല്‍വിതരണം നിര്‍ത്താന്‍ തീരുമാനിച്ചത് താന്‍ പോലും അറിഞ്ഞില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പാല്‍ മുടങ്ങാതെ മെഡിക്കല്‍ കോളജില്‍ നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ കോളജില്‍ നിന്ന് മില്‍മയ്ക്ക് വലിയ കുടിശികയുണ്ടായിരുന്നു. 1.41 കോടി രൂപ കുടിശികയായി ലഭിക്കാനുണ്ട്. പാല്‍ വിതരണം നിര്‍ത്തിയ ഉടന്‍ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോഗ്യമന്ത്രി ഇടപെട്ട് ആ പണം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സിക്കുന്ന രോഗികള്‍ക്കാണ് എല്ലാ ദിവസവും ഒരു നേരം പാല്‍ നല്‍കിയിരുന്നത്. 500 മില്ലി ലിറ്ററിന്റെ ആയിരം പാക്കറ്റുകളാണ് വിതരണം ചെയ്തുവരുന്നത്.