മണിക്കൂറിനുള്ളില്‍ ക്ലീനായി തിരുവനന്തപുരം നഗരസഭ, ചുടുകട്ടകള്‍ ഇത്തവണയും വീട് നിര്‍മ്മാണത്തിന്

തിരുവനന്തപുരം: പൊങ്കാല നിവേദ്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലീനായി തിരുവനന്തപുരം നഗരസഭ. ചുടുകട്ടകള്‍ ഉള്‍പ്പെടെയുള്ള ചവറുകള്‍ കൊണ്ട് നിറഞ്ഞിരുന്ന തിരുവനന്തപുരം നഗരം മണിക്കൂറിനുള്ളില്‍ ക്ലീനായി. ശേഖരിച്ച ചുടുകട്ടകളെല്ലാം ഇത്തവണയും വീട് നിര്‍മ്മാണത്തിന് തന്നെ നല്‍കും. 1200 നഗരസഭാ തൊഴിലാളികള്‍, 1400 താല്‍ക്കാലിക ജീവനക്കാര്‍, 150 വോളന്റിയര്‍മാര്‍. ഇവരെല്ലാം ചൂലും കൊട്ടയുമായി ഒരുമിച്ചിറങ്ങിയതോടെയാണ് മറ്റൊരു ക്ലീനിങ് മാജിക്കിന് നഗരം വീണ്ടും സാക്ഷിയായത്.

അടുപ്പിനായി ഉപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ചു തുടങ്ങി. ശേഖരിക്കുന്ന ഇഷ്ടികകള്‍ നിര്‍ധനരുടെ വീട് എന്ന സ്വപ്നത്തിന് ചുവരുകള്‍ നല്‍കും. ലൈഫ് മിഷന്‍ ഉള്‍പ്പെടെ ഭവന പദ്ധതികള്‍ക്കാണ് ഈ ഇഷ്ടികകള്‍ ഉപയോഗിക്കുക. 2018 മുതലാണ് പൊങ്കാല അടുപ്പിനുപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ചു തുടങ്ങിയത്. ആദ്യ വര്‍ഷം എട്ട് വീടുകളുടെ നിര്‍മാണത്തിന് ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷം 17 വീടുകളുടെ നിര്‍മാണത്തിനാണ് ഇഷ്ടിക ഉപയോഗിച്ചിരുന്നു. ഇത്തവണ മൂന്ന് ലക്ഷത്തോളം ഇഷ്ടികകള്‍ വരുമെന്നാണ് കണക്കുകൂട്ടല്‍. ഭവന പദ്ധതികളില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ട ശേഷമാണ് ഇഷ്ടികകള്‍ വിതരണം ചെയ്യുന്നത്.

Top