തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായിരുന്ന ശിവ രഞ്ജിത്,നസീം എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയിലാണ് അന്വേഷണ സംഘം 136 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
വധശ്രമം, ആത്മഹത്യാ പ്രേരണ തുടങ്ങി പത്തു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. ബിരുദ വിദ്യാര്‍ത്ഥിയായ അഖില്‍ ചന്ദ്രന്റെ കൂട്ടുകാരന്‍ കോളേജിലെ ആഡിറ്റോറിയത്തില്‍ ഇരുന്നത് പ്രതികള്‍ ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
തുടര്‍ന്ന് പ്രതികള്‍ ചേര്‍ന്ന് ഈ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. ഇതിനെതിരെ അഖിലില്‍ മുന്‍കൈയെടുത്ത ക്യാമ്പസില്‍ പ്രകടനം നടത്തി, ബൈക്ക് നശിപ്പിച്ചു എന്ന കുറ്റത്തിന് പ്രതികള്‍ക്കെതിരെ അഖില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രതികളെ ശാസിച്ചതും വൈരാഗ്യത്തിന് കാരണമായി എന്ന് കുറ്റപത്രത്തില്‍ പറയുന്നു.