തിരുവനന്തപുരം: പുരയിടത്തില്‍ വീണ തേങ്ങയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മദ്ധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിയെ ആറുവര്‍ഷത്തിനുശേഷം മംഗലപുരം പൊലീസ് പിടികൂടി. മംഗലപുരം ചെമ്പമംഗലം ജംഗ്ഷന് സമീപം മുഹമ്മദ് യൂസഫിനെ (65) കൊലപ്പെടുത്തിയ കേസിലെ പ്രതി മേല്‍ തോന്നയ്ക്കല്‍ പതിനാറാം മൈല്‍ ഇടയാവണം ക്ഷേത്രത്തിന് സമീപം മണിയന്റെ മകന്‍ അജീഷാണ് അറസ്റ്റിലായത്. മംഗലപുരം എസ്.ഐയുടെ ചുമതല വഹിക്കുന്ന എ.എസ്.പി ട്രെയിനി കിരണ്‍ നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ പത്തനംതിട്ട കൈപ്പട്ടൂര്‍ ചെറുവാഴത്തടത്തില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
അജീഷും ഇയാളുടെ സുഹൃത്തായ ബൈക്ക് സതിയെന്ന സതീഷും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് യൂസഫിന്റെ പറമ്പില്‍ നിന്ന് വീണ തേങ്ങയ്ക്ക് അജീഷ് തര്‍ക്കം ഉന്നയിച്ചതാണ് ഇരുവരും തമ്മില്‍ വഴക്കിനും പിന്നീട് കൊലപാതകത്തിനും കാരണമായത്. തേങ്ങയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുഹമ്മദ് യൂസഫിനെ ഭീഷണിപ്പെടുത്തിയ അജീഷും സതീഷും ചേര്‍ന്ന് പിന്നീട് കാറോടിച്ച് വരികയായിരുന്ന ഇയാളെ തടഞ്ഞുനിറുത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം സ്ഥലംവിട്ട അജീഷ് പിന്നീട് പത്തനംതിട്ടയിലെ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. അജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റൊരു കേസില്‍ ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന സതീഷിനെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കേസ് അന്വേഷണ ചുമതലയുള്ള പോത്തന്‍കോട് സി.ഐ പ്രമോദ് കൃഷ്ണന്‍ പറഞ്ഞു. റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്.പിമാരായ ചന്ദ്രശേഖരന്‍പിള്ള, ബി. സുരേഷ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.