കോട്ടയം: ഡിസിസി പട്ടിക സംബന്ധിച്ചുണ്ടായ കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഇനിയെങ്കിലും കോണ്‍ഗ്രസ് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍. അവരുടെ മനസ്സിനെ വിഷമിപ്പിക്കുന്ന രീതിയില്‍ പോകുന്നത് ശരിയല്ല.
കോണ്‍ഗ്രസ് ഏറെക്കുറെ പരിതാപകരമായ നിലയിലാണു നില്‍ക്കുന്നത്. ഇപ്പോഴത്തെ നടപടികള്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ വേണ്ടിയാണ്. ഇനിയും ഈ രൂപത്തിലുള്ള കലഹങ്ങളാണെങ്കില്‍ നമ്മുടെ ബാരോമീറ്റര്‍ താഴേയ്ക്കല്ലേ പോകൂ. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ ഒരു വിവാദം ആഗ്രഹിക്കുന്നില്ല. ഹൈക്കമാന്‍ഡ് ഇറക്കിയ പട്ടികയെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എങ്ങനെ ചോദ്യം ചെയ്യാന്‍ കഴിയും? തിരുവഞ്ചൂര്‍ ചോദിച്ചു.
പരാതികള്‍ ഹൈക്കമാന്‍ഡിനെ അറിയിക്കേണ്ടവര്‍ക്ക് അറിയിക്കാം. ഹൈക്കമാന്‍ഡ് പുറത്തിറക്കിയ പട്ടികയാണിത്. അതില്‍ ഏത് തരത്തിലുള്ള ചര്‍ച്ചകളാണ് നടന്നതെന്നു തന്നെപ്പോലെ ഒരാള്‍ക്ക് അറിയില്ല. ലിസ്റ്റ് കൊടുത്തിട്ടുണ്ടോ, എതൊക്കെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്, ഏതൊക്കെ സ്വീകരിച്ചിട്ടുണ്ട് എന്നതു സംബന്ധിച്ച് ശരാശരി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രാഥമികമായ വിവരമല്ലാതെ മറ്റ് വിവരങ്ങള്‍ അറിയില്ല.
ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കളില്‍ ഒരാളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഇത്രയും കാലം പാര്‍ലമെന്ററി പരിചയമുള്ള മറ്റൊരു വ്യക്തിയെ ചൂണ്ടിക്കാണിക്കാന്‍ ഇല്ല. ഉമ്മന്‍ ചാണ്ടി പറയുന്ന കാര്യം ഗൗരവത്തിലെടുക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.