കോട്ടയം: കോണ്‍ഗ്രസ്സ് നേതൃത്വത്തെ വെട്ടിലാക്കി യുവ എം.എല്‍.എമാര്‍ക്കും വി.എം സുധീരനും പിന്നാലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്ത്.
കേരളത്തിലെ കോണ്‍ഗ്രസ്സിന് കരുത്തുറ്റ നേതൃത്വം അനിവാര്യമാണെന്ന് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ തിരുവഞ്ചൂര്‍ പറഞ്ഞു. ബി.ജെ.പിയെയും സി.പി.എമ്മിനെയും നേരിടാന്‍ ഇതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍
രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് വേണ്ടരീതിയില്‍ ഗൃഹപാഠം ചെയ്തില്ല. ഇരു പാര്‍ട്ടികളും പ്രവര്‍ത്തകരുടെ വികാരം മാനിച്ചില്ല. സീറ്റ് സംബന്ധിച്ച് അന്തിമധാരണയുണ്ടാകും മുന്‍പു തീരുമാനമെടുത്തതാണു പ്രശ്‌നമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
നേരത്തേ, വി.ടി.ബല്‍റാം, ഹൈബി ഈഡന്‍, ശബരീനാഥ്, റോജി എം.ജോണ്‍, അനില്‍ അക്കരെ, ഷാഫി പറമ്പില്‍ തുടങ്ങിയ യുവ എംഎല്‍എമാരും കോണ്‍ഗ്രസിലെ നേതൃമാറ്റത്തിന്റെ ആവശ്യം സംബന്ധിച്ചു പ്രസ്താവനകള്‍ നടത്തിയിരുന്നു.