വീടുകള്‍ നഷ്ടപ്പെട്ടവരെ ബിപിഎല്‍ പട്ടികയിലുള്‍പ്പെടുത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവരെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തൊഴില്‍ദാന പരിപാടിയില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ ഉള്‍പ്പെടുത്തണമെന്നും പുതിയ കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷണന്‍ അറിയിച്ചു. ഈ പണം കേരളത്തിലെ ജനങ്ങളെ സഹായിക്കാനുള്ളതാണെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. അതേസമയം അധിക ചെലവ് നിര്‍ത്തലാക്കാനുള്ള നടപടികള്‍ മുഖ്യമന്ത്രി ചെയ്യണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

അതേസമയം പ്രളയത്തില്‍ മുങ്ങിപ്പോയ കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്ത് വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരിസ്ഥിതിയ്ക്ക് പ്രധാന്യം നല്‍കുന്ന നയങ്ങളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നാണ് അദ്ദേഹം അറിയിച്ചത്.

നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും ലോകമെങ്ങുമുള്ള മലയാളികളാണ് കേരളത്തിന്റെ കരുത്തെന്നും മലയാളികള്‍ ഒരുമാസത്തെ ശമ്പളം നല്‍കിയാല്‍ കേരളം കരകയറുമെന്നും തുക പലഗഡുക്കളായി നല്‍കിയാല്‍ മതിയെന്നും പ്രവാസി മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കുണ്ടാകുമെന്നും എല്ലാവരുടെയും സഹായം തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നിലവിലെ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും ദുരിതബാധിതരെ സഹായിക്കേണ്ട എല്ലാ നടപടികളും സഹായങ്ങളും സ്വീകരിക്കുമെന്നും നിലവിലെ ആശയക്കുഴപ്പങ്ങള്‍ മാറുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനെ തുടര്‍ന്ന് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് ഗവര്‍ണര്‍ പി സദാശിവവും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കെഎംആര്‍എല്‍ എംഡിയും നേരത്തെ അറിയിച്ചിരുന്നു.

Top