ബല്‍റാമിനെ വിമര്‍ശിക്കുന്നവര്‍ ഇതിനേക്കാളും വലിയ തെറ്റ് ചെയ്തവരാണെന്ന് തിരുവഞ്ചൂര്‍

thiruvanchoor

കോട്ടയം: എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വി.ടി. ബല്‍റാം എംഎല്‍എയെ വിമര്‍ശിക്കുന്നവര്‍ ഇതിനേക്കാളും വലിയ തെറ്റ് ചെയ്തവരാണെന്ന് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

നെഹ്‌റു കുടുംബത്തെ മോശമായി അധിക്ഷേപിച്ചവരാണ് ബല്‍റാമിനെ ഇപ്പോള്‍ വിമര്‍ശിക്കുന്നതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ബല്‍റാം എ.കെ.ജിക്കെതിരേ പറഞ്ഞതിനെ ന്യായീകരിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

നേരത്തെ, എകെജി പരാമര്‍ശത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വി.ടി.ബല്‍റാം എം.എല്‍.എ രംഗത്തുവന്നിരുന്നു.

മന്‍ മോഹന്‍ സിങിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും ജീര്‍ണ്ണത തെളിയിക്കുന്നതാണെന്ന് വി.ടി.ബല്‍റാം തുറന്നടിച്ചു.

വിവരദോഷിയായ മന്ത്രിയെ പറഞ്ഞുതീരുത്താനുള്ള വിവേകം നേതൃത്വത്തിനില്ല. ഡോ. മന്മോഹന്‍ സിങ് ഈ നാടിന്റെ വിവേകമാണ്. ജന ഹൃദയങ്ങളില്‍ സാമ്പത്തിക വിപ്ലവ പോരാളിയാണ്. ലോകത്തേറ്റവും കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മിഡില്‍ ക്ലാസിലേക്കുയര്‍ത്തിയ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയാണ്. ആ നിലക്ക് ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണെന്നും എകെജിയെ പരോക്ഷമായി സൂചിപ്പിച്ച് ബല്‍റാം പറഞ്ഞു.

ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുന്‍പ്രധാനമന്ത്രിയെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച മന്ത്രിക്ക് ഈ രാജ്യത്തിന്റെ ചരിത്രമോ മന്മോഹന്‍ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ സിപിഎമ്മിന്റെയും സര്‍ക്കാരിന്റേയും മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി/ഭരണ നേതൃത്വങ്ങളാണെന്നും എം.എല്‍.എ വിമര്‍ശിച്ചു.

തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അനുകരിച്ച് ബല്‍റാം മറുപടി നല്‍കിയത്.

Top