ഭൂമിയിലും ബഹിരാകാശത്തും മിന്നലാക്രമണം നടത്തിയത് കാവല്‍ക്കാരനാണെന്ന് മോദി

മീററ്റ്: മോദിയുടെ ആദ്യ തിരഞ്ഞെടുപ്പ് റാലി യുപിയിലെ മീററ്റില്‍ നിന്ന് ആരംഭിച്ചു. റാലിയില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷ സഖ്യത്തെയും മോദി വിമര്‍ശിച്ച് സംസാരിച്ചു. തന്റെ സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്നും പറഞ്ഞ മോദി ഭൂമിയിലും ആകാശത്തും ബഹിരാകാശത്തും മിന്നലാക്രമണം നടത്താനുള്ള നെഞ്ചുറപ്പ് കാണിക്കാന്‍ കാവല്‍ക്കാരന് മാത്രമേ സാധിച്ചുള്ളുവെന്ന് പറഞ്ഞു.

അനേകം വാഗ്ദാനങ്ങള്‍ നല്‍കി നിരവധി സര്‍ക്കാരുകള്‍ കഴിഞ്ഞ കാലങ്ങളില്‍ ഈ രാജ്യത്ത് അധികാരത്തില്‍ വന്നു. എന്നാല്‍ ഇതാദ്യമായാണ് പ്രഖ്യാപിച്ച കാര്യങ്ങള്‍ വളരെവേഗം നടപ്പിലാക്കിയ ഒരു സര്‍ക്കാരിനെ രാജ്യം കാണുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്‍ഡിഎ സര്‍ക്കാര്‍ ഈ രാജ്യത്തിനായി എന്തൊക്കെ ചെയ്തു എന്നതിന്റെ കണക്കുകള്‍ വരുന്ന ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഞാന്‍ എന്താണ് ചെയ്തത്, മറ്റുള്ളവര്‍ ചെയ്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍ നിങ്ങളുടെ മുന്നിലെത്തും. വികസനത്തിന്റെ വഴിയിലൂടെയാണ് ഈ പാര്‍ട്ടി മുന്നോട്ടുപോകുന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് നയമോ, മാര്‍ഗരേഖയോ ഒന്നുമില്ലെന്നും പ്രതിപക്ഷ സഖ്യത്തെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.അധികകാലം ഭരിച്ചിട്ടും ജനങ്ങള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ടുപോലും തുറക്കാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കുമെന്ന് പറയുന്നു. അവര്‍ എന്താണ് ചെയ്യുകയെന്നും മോദി ചോദിച്ചു.

ബഹിരാകാശ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തെ പ്രതിപക്ഷം അവഗണിച്ചത് എങ്ങനെയെന്ന് നിങ്ങളെല്ലാവരും കണ്ടതാണ്. ഉപഗ്രഹവേധ മിസൈല്‍ വിജയത്തെ നാടകമെന്ന് വിശേഷിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചുവെന്നും മോദി കുറ്റപ്പെടുത്തി.വ്യോമസേന കൂടുതല്‍ യുദ്ധവിമാനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അത് അവഗണിച്ചു, സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കാനോ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം നടത്താനുള്ള അനുമതി ശാസ്ത്രജ്ഞര്‍ക്ക് നല്‍കുകയോ ചെയ്തിട്ടില്ല. രാജ്യം ദുര്‍ബലമായിരിക്കണമെന്നാണ് അവര്‍ ആഗ്രഹിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top