കേരളത്തില്‍ ചുവപ്പിന്റെ സമഗ്രാധിപത്യമുള്ള കാമ്പസാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്. പോരാളികളുടെ കാമ്പസാണിത്. ധൈര്യശാലികള്‍ മാത്രമല്ല മിടുക്കരായ വിദ്യാര്‍ത്ഥികളാല്‍ സമ്പന്നമായ കാമ്പസുകൂടിയാണിത്. ഇവിടെ പഠിക്കുന്ന 90 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും എസ്.എഫ്.ഐക്കാരാണ്. അതു കൊണ്ട് തന്നെ ഏറ്റവും അധികം മാധ്യമ വേട്ടക്ക് ഇരയായതും യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റാണ്.
കാമ്പസും കടന്ന് വിവാദങ്ങള്‍ വ്യാപിച്ചപ്പോള്‍, മറ്റു കാമ്പസുകളിലും യൂണിവേഴ്സിറ്റി കോളജ് ചര്‍ച്ചാ വിഷയമാവുകയുണ്ടായി.
ഈ എതിര്‍പ്പുകളെയെല്ലാം നേരിട്ടാണ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ വെന്നിക്കൊടി പാറിച്ചിരുന്നത്.
സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കാമ്പസുകളിലും ഇന്ന് യൂണിയന്‍ ഭരണം എസ്.എഫ്.ഐക്കാണ്. സര്‍വ്വകലാശാലാ യൂണിയനുകളടക്കം വിദ്യാര്‍ത്ഥികളുടെ എല്ലാ പൊതു ജനാധിപത്യ വേദികളിലും ഈ ആധിപത്യം പ്രകടവുമാണ്. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരുതലുമായാണ് നിലവില്‍ എസ്എഫ്ഐ പ്രവര്‍ത്തിച്ചു വരുന്നത്. രാഷ്ട്രീയ കക്ഷിഭേദമന്യേ വലിയ പിന്തുണയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കും നാട് നല്‍കി വരുന്നത്.
ഈ അവസരത്തില്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും വന്ന ഒരു വാര്‍ത്തയും ഏറെ ശ്രദ്ധേയമാണ്.
കേരളത്തിലെ ഏറ്റവും മികച്ച കോളജായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത് യൂണിവേഴ്സിറ്റി കോളജിനെയാണ്. ദേശീയ തലത്തില്‍ ഇരുപത്തിമൂന്നാം സ്ഥാനവും ഈ കോളജിനാണ്. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയമാണ് ഈ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.
കേരളത്തിലെ കലാപഭൂമിയായ കാമ്പസായി മാധ്യമങ്ങള്‍ ചിത്രീകരിച്ച കാമ്പസാണ് യൂണിവേഴ്സിറ്റി കോളജ്. ആക്രമണം മാത്രമല്ല ധാര്‍ഷ്ട്യം, ഏകാധിപത്യം, സ്വഭാവദൂഷ്യം എന്നിവയും ക്രിമിനല്‍പട്ടവും യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചാര്‍ത്തപ്പെട്ടിട്ടുണ്ട്.
ആ കാമ്പസാണിപ്പോള്‍ ഒരിക്കല്‍ കൂടി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നത്. കലാലയ രാഷ്ട്രീയത്തിനെതിരെ ഉറഞ്ഞ് തുള്ളുന്ന സകല അരാഷ്ടീയവാദികളും ഈ കാഴ്ചകള്‍ കണ്ണ് തുറന്ന് കാണണം.
വിദ്യാര്‍ത്ഥി സംഘടനാ രാഷ്ട്രീയവും യൂണിയന്‍ തെരഞ്ഞെടുപ്പും ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതാക്കുന്നു എന്ന വാദത്തിന്റെ പൊള്ളത്തരം കൂടിയാണ് യൂണിവേഴ്സിറ്റി കോളജിപ്പോള്‍ പൊളിച്ചടുക്കിയിരിക്കുന്നത്.
ജനാധിപത്യ വേദികളും, രാഷ്ട്രീയ ഇടങ്ങളും, സംവാദ വേദികളും, ശക്തമാക്കിക്കൊണ്ടാണ്, മികവുറ്റ വിദ്യാഭ്യാസ സംസ്‌കാരത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ കടക്കേണ്ടത്. അത് ഓര്‍മിപ്പിക്കുന്നത് കൂടിയാണ് യൂണിവേഴ്സിറ്റി കോളജിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ ബഹുമതി.
Express View