This flyer has a Boeing 737 all to herself

ബെയ്ജിങ്: ഒരു യാത്രക്കാരനോ അല്ലെങ്കില്‍ യാത്രക്കാരിയോ മാത്രമേ ഉള്ളെങ്കില്‍ ബസുകള്‍ പോലും യാത്ര പുറപ്പെടാനൊന്നു മടിക്കും. അപ്പോള്‍ പിന്നൊരു വിമാനത്തിന്റെ കാര്യം പറയണോ? പക്ഷേ വിമാനം പറന്നു, ഒരൊറ്റ യാത്രക്കാരിയേയും വഹിച്ചുകൊണ്ട്.

ബോയിങ് വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ചത് ഷാങ് എന്ന ചൈനീസ് യുവതിക്കാണ്. ഒരു മോട്ടോര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥയാണ് ഷാങ്. ബോയിങ് 737 വിമാനത്തില്‍ ഒറ്റയ്ക്കു വീട്ടിലേക്കു യാത്രചെയ്ത ഷാങ് ‘ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള വിമാനയാത്രക്കാരി’ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

ഈ വര്‍ഷത്തെ ചൈനീസ് പുതുവര്‍ഷം ഫെബ്രുവരി എട്ടിനാണ്. ഈ ദിവസങ്ങളില്‍ ചൈനയിലൊട്ടാകെ ആഘോഷത്തിമിര്‍പ്പാണ്. എല്ലാ ചൈനക്കാരും സ്വന്തം വീട്ടിലെത്തുന്ന സന്ദര്‍ഭം. കഴിഞ്ഞ തിങ്കളാഴ്ച കനത്ത മൂടല്‍മഞ്ഞുമൂലം ട്രെയിനുകള്‍ വ്യാപകമായി മുടങ്ങിയതോടെ പതിനായിരത്തോളം യാത്രക്കാരാണു വഴിയില്‍ കുടുങ്ങിയത്.

കിഴക്കന്‍ ചൈനയിലേക്കുള്ള വിമാനസര്‍വീസുകളും താളംതെറ്റി. 10 മണിക്കൂര്‍ വൈകിയാണു ഗുവാങ്ഷൂവിലേക്കുള്ള ബോയിങ് 737 ഫ്‌ലൈറ്റ് 2833 എത്തിയത്. യാത്രക്കാരിയായി വിമാനത്താവളത്തിലുണ്ടായിരുന്നത് ഷാങ് മാത്രം. മറ്റുള്ളവര്‍ വേറെ മാര്‍ഗത്തില്‍ യാത്ര തുടര്‍ന്നിട്ടുണ്ടാകണം. ഷാങ് എത്തിയതോടെ ചൈന സതേണ്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഒരു യാത്രക്കാരിയുമായി വിമാനം പറത്താന്‍ തീരുമാനിക്കുകയായിരുന്നു.

രണ്ടു മണിക്കൂര്‍ യാത്ര. യാത്രക്കാരിക്ക് ഒരു പൈസ അധികം കൊടുക്കേണ്ടിവന്നില്ല. വിമാനത്തിലെ ഒഴിഞ്ഞ സീറ്റുകളുടെ പടം സമൂഹമാധ്യമത്തിലിട്ട യുവതി എഴുതി: ”വലിയ സന്തോഷം. എത്ര അപൂര്‍വ അനുഭവം. ഞാന്‍ ഒരു റോക്ക് സ്റ്റാര്‍ ആണെന്നു തോന്നി.” ഒട്ടേറെപ്പേര്‍ അഭിനന്ദിച്ചെങ്കിലും ഒരാള്‍ക്കുവേണ്ടി ഒരു വിമാനം പറത്തിയതു കടന്നകയ്യായിപ്പോയെന്നു ചിലര്‍ വിമര്‍ശിച്ചു.

Top