തദ്ദേശ തിരഞ്ഞെടുപ്പിനെയും നിയമസഭ തിരഞ്ഞെടുപ്പിനെയും രണ്ടായി വിലയിരുത്തി പ്രതീക്ഷ പുലർത്തുന്ന യു.ഡി.എഫിന് ഇനി കാര്യങ്ങൾ എളുപ്പമാകില്ല. അതിൽ പ്രധാനം ബി.ജെ.പിയുടെ സാന്നിധ്യം തന്നെയാണ്. ഉത്തരേന്ത്യയെ പോലെ കോൺഗ്രസ്സിന്റെ വോട്ട് ചോർത്തുന്ന രീതിയിലേക്ക് ബി.ജെ.പി ഇപ്പോൾ മാറി കഴിഞ്ഞിട്ടുണ്ട്. എന്തിനേറെ കിഴക്കമ്പലത്തെ ട്വൻ്റി ട്വൻ്റി ടീം പോലും, കോൺഗ്രസ്സിന് ബദലായി 5 പഞ്ചായത്തുകളിൽ മാറിയിട്ടുണ്ട്. പുതുതായി ഈ അരാഷ്ട്രീയ കൂട്ടം പിടിച്ച 4 പഞ്ചായത്തുകളും നിലവിൽ ഭരിച്ചിരുന്നത് യു.ഡി.എഫ് ആയിരുന്നു.
ബീഹാറിലെ പോലെ കേരളത്തിലും കോൺഗ്രസ്സിനെ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്.സർക്കാർ വിരുദ്ധ വോട്ടുകളിലെ ഭിന്നതയും ജോസ് കെ മാണിയുടെ വരവും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനാണ് ഏറെ ഗുണം ചെയ്തിരിക്കുന്നത്.കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഈ ആനുകൂല്യം യു.ഡി.എഫിന് കിട്ടാതിരുന്നത് പ്രതിപക്ഷത്ത് ഇടതുപക്ഷം ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ്. കിണിഞ്ഞ് ശ്രമിച്ചിട്ടും അന്ന് ബി.ജെ.പിക്ക് ഭരണവിരുദ്ധ വികാരം വോട്ടാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇത്തവണ കാര്യങ്ങൾ അങ്ങനെയല്ല. സർക്കാർ വിരുദ്ധ വികാരം വലിയ രൂപത്തിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ഉള്ള വികാരത്തിന്റെ ഒരു പങ്കാകട്ടെ ബി.ജെ.പി കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. സി.പി.എമ്മിന് ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യത കോൺഗ്രസ്സിന് നിലവിൽ ഇല്ല. ഇതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് പ്രധാന കാരണം. പിണറായി സർക്കാറിനെ ആക്രമിക്കുവാൻ ബി.ജെ.പിയുമായി ചേർന്ന് പോകുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സ്വീകരിച്ചിരുന്നത്. ”രണ്ടും ഒന്ന് തന്നെയല്ലേ ” എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെയും കുറ്റം പറയാൻ പറ്റാത്ത അവസ്ഥയാണുള്ളത്. വോട്ടർമാരിലെ ഈ ആശയകുഴപ്പം ബി.ജെ.പിയാണ് മുതലെടുത്തിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി മുതൽ ഷിബു ബേബി ജോൺ വരെ പറയാതെ പറഞ്ഞതും അതുതന്നെയാണ്.കഴിഞ്ഞ തവണത്തെക്കാള്‍ ഏതാണ്ട് ഇരട്ടി തദ്ദേശവാര്‍ഡുകള്‍ പിടിച്ചെടുത്ത ബി.ജെ.പി പാലക്കാട് മുനിസിപ്പാലിറ്റി നിലനിര്‍ത്തിയതോടൊപ്പം പന്തളം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം, പാലക്കാട്, കാസര്‍കോഡ്, പത്തനംതിട്ട ജില്ലകളിലാണ് ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്. വോട്ടുശതമാനം പതിനെട്ടുമുതല്‍ ഇരുപതുവരെ കൂടിയെന്നാണ് കാവിപ്പട അവകാശപ്പെടുന്നത്. യു.ഡി.എഫ് നേതൃത്വത്തിന്റെ ചങ്കിടിപ്പിക്കുന്ന കണക്കുകളാണിത്. കോൺഗ്രസ്സിനെയും അതിന്റെ നേതാക്കളെയും, കമ്മ്യൂണിസ്റ്റ് വിരുദ്ധർ പോലും വിശ്വസിക്കുന്നില്ല എന്നത് ഗൗരവമായി കോൺഗ്രസ്സ് നേതൃത്വം വിലയിരുത്തേണ്ട കാര്യമാണ്. ബി.ജെ.പി മുതലെടുത്തതും അത് തന്നെയാണ്.ഒരു വിഭാഗം കോൺഗ്രസ്സിന് പകരം ഇടതുപക്ഷത്തിന് ബദലായി ബി.ജെ.പിയെ കാണുന്നു എന്ന് വ്യക്തം.ബി.ജെ.പി നേതാക്കൾ അവകാശവപ്പെട്ട പോലെ വലിയ വിജയം അവർക്ക് ഉണ്ടായിട്ടില്ലങ്കിലും നേടിയ വോട്ടുകൾ നിസാരമായി തളളിക്കളയാൻ കഴിയുകയില്ല.യു.ഡി.എഫിന് കിട്ടേണ്ട ഇടത് വിരുദ്ധ വോട്ടുകളിലാണ് ബി.ജെ.പി കൈവച്ചിരിക്കുന്നത്.
പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്നതോടെ കേരള ഭരണവും ഇനി യു.ഡി.എഫിന് കിട്ടാക്കനിയായി മാറാനാണ് സാധ്യത. ഈ അവസ്ഥ ഉണ്ടാക്കിയിരിക്കുന്നത് കോൺഗ്രസ്സ് നേതൃത്വം തന്നെയാണ്.കേന്ദ്ര ഏജൻസികളെ ഹീറോകളായി കോൺഗ്രസ്സ് നേതാക്കൾ കണ്ടത് മത ന്യൂനപക്ഷങ്ങളിലടക്കം അത് കടുത്ത അതൃപ്തിക്കും കാരണമായിട്ടുണ്ട്. ഇതും നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുവാൻ പോകുന്നത്. ലീഗിനെ പരിഭ്രാന്തരാക്കുന്നതും അതാണ്. അടുത്ത തവണ ഭരണം ലഭിച്ചില്ലങ്കിൽ കോൺഗ്രസ്സ് മാത്രമല്ല മുസ്ലീം ലീഗ് കൂടിയാണ് വെട്ടിലാകുക.ഭരണമില്ലാത്ത ഒരു അവസ്ഥ ഇവർക്കാർക്കും തന്നെ ചിന്തിക്കാൻ കഴിയുന്നതല്ല.
നിലവിൽ നിയമസഭ മണ്ഡലം അടിസ്ഥാനത്തിൽ പരിശോധിച്ചാൽ, 90 മണ്ഡലങ്ങളിലാണ് ഇടതുപക്ഷം മുന്നിട്ട് നിൽക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള താര പ്രചാരകർ കൂടി നിയമസഭ തിരഞ്ഞെടുപ്പിൽ രംഗത്തിറങ്ങിയാൽ ഇത് 100 കടക്കുമെന്നാണ് സി.പി.എം നേതൃത്വം അവകാശപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 11 ജില്ലാപഞ്ചായത്തിലും 108 ബ്ലോക്ക് പഞ്ചായത്തിലും 514 ഗ്രാമപഞ്ചായത്തിലുമാണ് ഇടതുപക്ഷം വിജയിച്ചിരിക്കുന്നത്. ആറ് കോർപറേഷനിൽ അഞ്ചിലും ഇടതുപക്ഷമാണ് ഭരിക്കാൻ പോകുന്നത്. മുനിസിപ്പാലിറ്റികളിൽമാത്രമാണ് അൽപ്പമെങ്കിലും യുഡിഎഫിന് പിടിച്ചു നിൽക്കാൻ പറ്റിയത്.ഇടതുപക്ഷം 42 മുനിസിപ്പാലിറ്റികളിൽ വിജയിച്ചപ്പോൾ യുഡിഎഫിന് 36 മുനിസിപ്പാലിറ്റികളിലാണ് ഭരണം ലഭിച്ചിരിക്കുന്നത്.
ബിജെപിക്ക് രണ്ടിടത്തും ഭൂരിപക്ഷം കിട്ടിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് നടന്ന ഗ്രാമപഞ്ചായത്തുകളിൽ ബഹുഭൂരിപക്ഷവും ഇടതുപക്ഷമാണ് തൂത്ത് വാരിയിരിക്കുന്നത്. 514 ഇടത്താണ് ഭൂരിപക്ഷം. യുഡിഎഫിന് 377 ഗ്രാമ പഞ്ചായത്തുകൾ ലഭിച്ചപ്പോൾ ബിജെപി 23 എണ്ണത്തിലാണ് മുന്നിലെത്തിയിരിക്കുന്നത്. കഴിഞ്ഞതവണ 91 ബ്ലോക്ക് പഞ്ചായത്ത് നേടിയ ഇടതുപക്ഷം ഇത്തവണയത് 108 ആക്കിയപ്പോൾ യുഡിഎഫിന് ഭൂരിപക്ഷം 44 ഇടത്തുമാത്രമാണ് ലഭിച്ചിരിക്കുന്നത്. ആകെയുള്ള 2080 ബ്ലോക്ക് ഡിവിഷനിൽ 1267ലും, 331 ജില്ലാഡിവിഷനുകളിൽ 211 ലും ഇടതുപക്ഷമാണ് വിജയിച്ചത്. കേരള കോൺഗ്രസ്സ് ഇടതുപക്ഷത്ത് എത്തിയത് പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇടതുപക്ഷത്തിന് വൻ നേട്ടമായിട്ടുണ്ട്. ഈ ജില്ലകളിലെ ജില്ലാപഞ്ചായത്തുകൾ, വൻ ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷം പിടിച്ചെടുത്തിരിക്കുന്നത്.