ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാക്കളായ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ രംഗത്ത്. വസുന്ധരരാജെ സിന്ധ്യ, യശോദരരാജെ സിന്ധ്യ, വിജയ് രാജെ സിന്ധ്യ എന്നിവരാണ് ജ്യോതിരാദിത്യയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. ഗ്വാളിയോര്‍ രാജ വംശത്തില്‍പ്പെട്ടവരാണ് ഇവരെല്ലാം.
മുന്‍ കേന്ദ്രമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ആഭ്യന്തര മന്ത്രി അമിത് ഷായയെും കണ്ട ശേഷമാണ് രാജിപ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ബിജെപിയുടെ ആദ്യരൂപമായ ജനസംഘം പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ വിജയ് രാജെ സിന്ധ്യ, ജ്യോതിരാദിത്യ സിന്ധ്യയുടെ മുത്തശ്ശിയാണ്. അമ്മായി വസുന്ധര രാജെ മുന്‍ കേന്ദ്രമന്ത്രിയും, രാജസ്ഥാന്‍ മുന്‍മുഖ്യമന്ത്രിയുമാണ്.മറ്റൊരു അമ്മായിയായ യശോദരാ രാജെ മധ്യപ്രദേശ് മുന്‍ ക്യാബിനറ്റ് മന്ത്രിയാണ്. പിതാവ് മാധവറാവു സിന്ധ്യയുടെ 75ാം ജന്മവാര്‍ഷികത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഇപ്പോഴത്തെ രാജിയെന്നതും ശ്രദ്ധേയമാണ്. മരുമകന്റെ തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്നാണ് യശോദരാ രാജെ സിന്ധ്യ പ്രതികരിച്ചിരിക്കുന്നത്.
‘ഇത് ഘര്‍വാപ്പസിയാണ്. മാധവറാവു സിന്ധ്യ ജനസംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ജ്യോതിരാദിത്യയെ കോണ്‍ഗ്രസ് പരിപൂര്‍ണ്ണമായി അവഗണിച്ചുവെന്നും’ യശോദര രാജെ ആരോപിച്ചു. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേരുന്നതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ ഉടന്‍ വീഴും. മധ്യപ്രദേശില്‍ നിന്നും രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി സിന്ധ്യയുടെ പേര് നോമിനേറ്റ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മധ്യപ്രദേശ് സര്‍ക്കാരിന്റെ പതനത്തിന് വഴിവെച്ചാണ് 49കാരനായ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം 20 എംഎല്‍എമാരും പുറത്തുചാടിയിട്ടുണ്ട്.
സമാനമായ തന്ത്രം രാജസ്ഥാനിലും പയറ്റാനാണ് ബിജെപി നീക്കം. നേരിയ ഭൂരിപക്ഷത്തിലാണ് നിലവില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജസ്ഥാനിലും നിലനില്‍ക്കുന്നത്.
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മില്‍ ചെറിയ ചില അസ്വാരസ്യങ്ങള്‍ അവിടെ പുകയുന്നുണ്ട്. വജ്രവ്യാപാരി രാജീവ് അറോറയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള ഗെഹ്‌ലോതിന്റെ നീക്കത്തിന് സച്ചിന്‍ പൈലറ്റ് തടയിട്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെ രാജ്യസഭയിലേക്ക് അയയ്ക്കുന്നതിന് പകരം വ്യവസായികളെ അയയ്ക്കുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നാണ് പൈലറ്റിന്റെ വാദം
കോട്ട, സര്‍ക്കാര്‍ ആശുപത്രിയിലെ ശിശുമരണങ്ങളില്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായി ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോതും സച്ചിനെതിരായിരുന്നു. ഇരുവരും തമ്മിലുള്ള ഭിന്നതയും മറനീക്കി പുറത്തുവരികയുണ്ടായി. ഇത് ഇനിയും രൂക്ഷമായി
ഏത് നിമിഷവും പൊട്ടിത്തെറിയില്‍ കലാശിക്കാനാണ് സാധ്യത.
കോണ്‍ഗ്രസില്‍ ചേര്‍ന്ന വിമത ബിഎസ്പി എംഎല്‍എ അടക്കമുള്ളവരുടെ പിന്തുണയോടെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. 200 അംഗ നിയമസഭയില്‍ മൂന്ന് സിപിഎം എംഎല്‍എമാരും ഒരു ആര്‍എല്‍ഡി എംഎല്‍എയും ഉള്‍പ്പെടെ 112 എംഎല്‍എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസിനുള്ളത്. ബിജെപിക്കാകട്ടെ 80 എംഎല്‍എമാരുടെ പിന്തുണയാണുള്ളത് . 112 ല്‍ നിന്നും 20 എംഎല്‍എമാര്‍ കൂറുമാറിയാല്‍ ഇവിടെയും ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായേക്കും.