ഇത്, യു.ഡി.എഫ് ചോദിച്ചു വാങ്ങുന്ന വമ്പൻ തിരിച്ചടി, മുന്നണി ത്രിശങ്കുവിൽ

കേരള കോണ്‍ഗ്രസ്സ് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയതോടെ, ആടി ഉലഞ്ഞ് യു.ഡി.എഫ്.

‘ചരിത്രപരമായ മണ്ടത്തരം’ എന്നാണ് രാഷ്ട്രിയ നിരീക്ഷകരും പുറത്താക്കലിനെ വിലയിരുത്തുന്നത്. കേരള കോണ്‍ഗ്രസ്സില്‍ ഏറ്റവും അധികം ജനപിന്തുണയുള്ളത് ജോസ് കെ മാണി വിഭാഗത്തിനാണ്. ഇത് തിരിച്ചറിയാതെ പോയതാണ് യു.ഡി.എഫിന് പറ്റിയ പിഴവ്.

ഈ പിഴവിന് വലിയ തിരിച്ചടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും, യു.ഡി.എഫിനെ കാത്ത് നില്‍ക്കുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ച് വലിയ നേട്ടമാണ് ഈ സ്ഥിതി വിശേഷം ഉണ്ടാക്കുക. മധ്യകേരളത്തില്‍, പ്രത്യേകിച്ച് കോട്ടയം, ഇടുക്കി ജില്ലകളില്‍ കേരള കോണ്‍ഗ്രസ്സ് ജോസ്.കെ മാണി വിഭാഗം ശക്തമാണ്. എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ ചില ഭാഗങ്ങളിലും ഈ വിഭാഗത്തിന് സ്വാധീനമുണ്ട്. യു.ഡി.എഫ് വോട്ട് ഭിന്നിക്കുന്നത് ഇനി ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക. ജോസ്.കെ. മാണി വിഭാഗവുമായി ഇടതുപക്ഷം ധാരണ ഉണ്ടാക്കിയാല്‍ കോണ്‍ഗ്രസ്സിന്റെ അടിവേര് തകര്‍ന്ന് തരിപ്പണമാകും.

ജോസഫിനെ പോലെയുള്ള അവസരവാദിക്ക് വേണ്ടി, ജോസ് കെ മാണിയെ തഴഞ്ഞതില്‍ മുന്നണിയിലും ഭിന്നതയുണ്ട്. മുസ്ലീം ലീഗിലെ ഒരു വിഭാഗം ഈ നിലപാടില്‍ കടുത്ത അതൃപ്തിയിലാണ്. കോണ്‍ഗ്രസ്സിലും അഭിപ്രായ വ്യത്യാസം രൂക്ഷമാണ്.

ആരാണ് ഈ തീരുമാനമെടുക്കാന്‍ മുന്നണി നേതൃത്വത്തെ ‘ഹൈജാക്ക്’ ചെയ്തതെന്ന കാര്യമാണ് യു.ഡി.എഫിലെയും ചര്‍ച്ച. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും വലിയ പഴിയാണ് കേട്ടുകൊണ്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് എതിരെ ലീഗിലും കലാപക്കൊടി ഉയര്‍ന്നിട്ടുണ്ട്.കെ.എം മാണിയുമായി അടുപ്പമുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടി, അവസാന നിമിഷം ചതിച്ചെന്ന വികാരം ജോസ്.കെ.മാണി വിഭാഗത്തിനുമുണ്ട്. ലീഗിലെ ഭൂരിപക്ഷവും ജോസ്.കെ.മാണി വിഭാഗത്തിന് അനുകൂലവുമാണ്.

കുഞ്ഞാലിക്കുട്ടിയാകട്ടെ മാറിയ സാഹചര്യത്തില്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ശ്രമിക്കുന്നത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പ്ലാന്‍.യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി പദമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിനായി എം.പി സ്ഥാനം രാജിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഈ നീക്കത്തിന്, ലീഗിലെ പ്രബല വിഭാഗം എതിരാണ്. അവര്‍ ശക്തമായ സമ്മര്‍ദ്ദമാണ് ഇതിനെതിരെ, പാണക്കാട്ട് തങ്ങളില്‍ നടത്തിവരുന്നത്.

kunjalikutty

ഇ.അഹമ്മദിന്റെ മരണശേഷമാണ് അദ്ദേഹത്തിനു പകരക്കാരനായി കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്കുപോയിരുന്നത്. ഇപ്പോള്‍ തിരിച്ച് വരുന്നതും അധികാരമോഹം മുന്‍നിര്‍ത്തി തന്നെയാണ്.

ലീഗ് വിരുദ്ധ നിലപാടുണ്ടായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ, യു.ഡി.എഫിന് അനുകൂലമാക്കിയത് കുഞ്ഞാലിക്കുട്ടിയാണ്.

ലീഗിനെ ശക്തമായി എതിര്‍ത്തിരുന്ന എസ്.ഡി.പി.ഐയുമായിപ്പോലും, മികച്ച ബന്ധമാണ് കുഞ്ഞാലിക്കുട്ടിക്കുളളത്. ഇ. അഹമ്മദിന്റെ നിര്യാണത്തെതുടര്‍ന്ന് നടന്ന, മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍, കുഞ്ഞാലിക്കുട്ടി മത്സരിച്ചപ്പോള്‍, സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെയാണ് എസ്.ഡി.പി.ഐ പിന്തുണ നല്‍കിയിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് എസ്.ഡി.പി.ഐ നേതാക്കളുമായി കൊണ്ടോട്ടിയില്‍ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ്ബഷീറും രഹസ്യചര്‍ച്ച നടത്തിയത് ഏറെ വിവാദമായിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ എതിര്‍ക്കാനിടയുള്ള യൂത്ത്‌ലീഗ് നേതൃത്വത്തിന്, ലോക്‌സഭാ സീറ്റ് നല്‍കി പാര്‍ട്ടിയിലെ എതിരാളികളുടെ വായടയ്ക്കാനുള്ള നീക്കവും അണിയറയില്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.

അഞ്ചു തവണ സംസ്ഥാന മന്ത്രിയായ കുഞ്ഞാലിക്കുട്ടി 2006ല്‍ കുറ്റിപ്പുറത്ത് കെ.ടി ജലീലിനോട് ദയനീയമായ തോല്‍വിയാണ് ഏറ്റുവാങ്ങിയിരുന്നത്. ഇപ്പോഴത്തെ അവിശുദ്ധ കൂട്ട് കെട്ടോടെ വീണ്ടും വലിയ വെല്ലുവിളിയാണ് കുഞ്ഞാലിക്കുട്ടിയും ലീഗും ഇനിയും നേരിടേണ്ടി വരിക.

Express View

Top