കേരളം ഇതുവരെ കാണാത്ത പകയുടെ രാഷ്ട്രീയത്തിൽ പകച്ച് രാഷ്ട്രീയ കേരളം, എന്തും സംഭവിക്കാം . . .

ന്താണ് കേരളത്തിലെ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം ? എന്തു കണ്ടിട്ടാണ് ഇത്രയും കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കുന്നത് ? ഈ ചോദ്യമാണിപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. വിവിധ ചാനലുകളിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്കു പിന്നാലെ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റുമാണിപ്പോള്‍ പ്രതിക്കൂട്ടില്‍ ആയിരിക്കുന്നത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ പ്രതിപക്ഷ നിലപാട് കടുപ്പിച്ചതോടെയാണ് സര്‍ക്കാറും തിരിച്ചടിച്ചിരിക്കുന്നത്. അതാകട്ടെ മിന്നല്‍ വേഗത്തിലുമാണ്. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണമാണ് തിരക്കിട്ട് നടക്കുന്നത്.

കൊച്ചിയിലെ ബ്രഹ്മപുരം തീപ്പിടിത്തപ്രശ്നത്തില്‍ പ്രതിഷേധയോഗത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ കെ. സുധാകരന്റെ പേരില്‍ പൊലീസ് കലാപശ്രമത്തിന് കേസെടുത്തിരുന്നു. ഇത് ഹൈക്കോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണിപ്പോള്‍ പുരാവസ്തു തട്ടിപ്പുകേസില്‍ മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ കേസിലും സുധാകരനെ പ്രതിയാക്കിയിരിക്കുന്നത്. സാക്ഷി മൊഴി ശക്തമായതിനാല്‍ സുധാകരനെ അറസ്റ്റു ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന വാര്‍ത്ത തന്നെയാണിത്.

‘തന്റെ രണ്ടരക്ഷത്തോളം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഈ പണം തിരിച്ചുലഭിക്കുന്ന മുറയ്ക്ക് തിരികെ നല്‍കുമെന്നും ഇടപാടുകാര്‍ക്ക് മോന്‍സന്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഈ തടഞ്ഞുവച്ചിരിക്കുന്ന പണം തിരികെ കിട്ടാന്‍ താന്‍ ഇടപെടുമെന്ന് സുധാകരന്‍ വാഗ്ദാനം ചെയ്‌തെന്നാണ് പരാതിക്കാരുടെ ആരോപണം. എംപിയായിരിക്കെ പബ്ലിക് ഫിനാന്‍സ് കമ്മിറ്റിയില്‍ സുധാകരന്‍ അംഗമായിരുന്നതിനാല്‍ വിശ്വസിച്ചു എന്നാണ് ഇടപാടുകാര്‍ പറയുന്നത്.

മാത്രമല്ല സുധാകരന്‍ നേരിട്ട് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സുധാകരന്റെ സാന്നിധ്യത്തില്‍ പണം കൈമാറിയിട്ടുണ്ടെന്നുമുള്ള ഗുരുതര ആരോപണവും പരാതിക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സുധാകരനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്.

മോന്‍സന്‍ മാവുങ്കലിനൊപ്പമുള്ള കെ.സുധാകരന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നത് മുന്‍പ് വലിയ വിവാദമാണ് സൃഷ്ടിച്ചിരുന്നത്. എന്നാല്‍ മോന്‍സനുമായി ഒരു സാമ്പത്തിക ഇടപാടും ഇല്ലെന്നാണ് അദ്ദേഹം അന്നു മറുപടി നല്‍കിയിരുന്നത്. ‘കണ്ണുമായി ബന്ധപ്പെട്ട ചികിത്സയ്ക്കു 5 വട്ടം അവിടെ പോയിട്ടുണ്ടെന്നും, ഫലമില്ലെന്നു കണ്ടതോടെ ചികിത്സ നിര്‍ത്തിയെന്നുമാണ് സുധാകരന്‍ പറഞ്ഞിരുന്നത്. മോന്‍സനുമായി ഒരു സാമ്പത്തിക ഇടപാടുമില്ലെന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നുമുളള വാദത്തില്‍ അദ്ദേഹം ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്. സുധാകരന്റെ ഈ വാദങ്ങളെല്ലാം തള്ളിയാണിപ്പോള്‍ അദ്ദേഹത്തെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ പരാതിയില്‍ അന്വേഷണം വേഗത്തിലാക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതിനു തൊട്ടു പിന്നാലെയാണ് യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു കൊണ്ട് സുധാകരനെയും സര്‍ക്കാര്‍ കുരുക്കിയിരിക്കുന്നത്. 2018 ലെ പ്രളയത്തിന് ശേഷം പറവൂര്‍ മണ്ഡലത്തില്‍ വിഡി സതീശന്‍ നടപ്പാക്കിയ ‘പുനര്‍ജനി’ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്രകള്‍, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവ അന്വേഷിക്കാനാണ് വിജിലന്‍സിനു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സര്‍ക്കാറിനെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണത്തിന്റെ ഇരട്ടി ശക്തിയില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ തിരിച്ചടിക്കുക എന്നതു തന്നെയാണ് ഈ നടപടി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതാകട്ടെ വ്യക്തവുമാണ്. ലോകകേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ന്യൂയോര്‍ക്കിലുള്ള ഘട്ടത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ പേരില്‍ കേസുണ്ടായിരിക്കുന്നത്.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്കെതിരായ വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് വനിതാ റിപ്പോര്‍ട്ടര്‍ പൊലീസ് കേസില്‍ പ്രതിയായതും ഇതേ ഘട്ടത്തില്‍ തന്നെയാണ്. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം തന്നെ സര്‍ക്കാറിനും സി.പി.എമ്മിനും എതിരായിട്ടും അതൊന്നും തന്നെ വകവയ്ക്കാതെ ഒരേസമയം മാധ്യമ പ്രവര്‍ത്തകരെയും പ്രതിപക്ഷ നേതാക്കളെയും ശത്രുപക്ഷത്തു നിര്‍ത്തി കടന്നാക്രമിക്കുന്ന രീതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതൊരു അസാധാരണ നടപടി തന്നെയാണ്. ഇവരെ ആരെയും വകവയ്ക്കാതെ മുന്നോട്ടു പോകാനുള്ള ചങ്കൂറ്റം എവിടെ നിന്നു ഇടതുപക്ഷത്തിനു ലഭിച്ചു എന്നു ചോദിച്ചാല്‍ പിണറായി ആണ് മുഖ്യമന്ത്രി എന്ന മറുപടിയാണ് സി.പി.എം. നേതാക്കള്‍ നല്‍കുന്നത്.

ഇതൊക്കെ സി.പി.എം. അണികളെ ആവേശപ്പെടുത്തുന്ന നടപടികളാണെങ്കിലും കേരളത്തില്‍ ഭരണം മാറിയാല്‍ ഉള്ള അവസ്ഥ എന്തായിരിക്കുമെന്ന മറുചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സാഹചര്യം ഉണ്ടായാല്‍ വലിയ പ്രതികാര നടപടി സി.പി.എം. നേതാക്കളും നേരിടേണ്ടി വരുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കേരള ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത തരത്തിലുള്ള പകവീട്ടലായിരിക്കും അത്. അക്കാര്യത്തില്‍ തര്‍ക്കമില്ല.

സോളാര്‍ കേസുമുതല്‍ സി.പി.എമ്മിനോട് തീര്‍ക്കാന്‍ നിരവധിയുണ്ട് കോണ്‍ഗ്രസ്സിന്റെ കണക്കു പുസ്തകത്തില്‍. ഇക്കാര്യത്തില്‍ അവര്‍ക്കിടയില്‍ ഗ്രൂപ്പു ഭേദവുമില്ല. എന്നാല്‍ അത്തരമൊരു സാഹചര്യം ഒരുങ്ങണമെങ്കില്‍ അതിനു ആദ്യം യു.ഡി.എഫ് അധികാരത്തില്‍ വരികയും കോണ്‍ഗ്രസ്സിനു ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യവും ഉണ്ടാകണം. അതല്ലങ്കില്‍ അവിടെയും ‘പണി’ പാളും. കാരണം യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു കൊണ്ടു മാത്രം സി.പി.എം. നേതാക്കളെ കുരുക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയില്ല. മുസ്ലി ലീഗ് നേതാക്കളും സി.പി.എം നേതാക്കളും തമ്മിലുള്ള സൗഹൃദം അവിടെയും കോണ്‍ഗ്രസ്സിനു തടസ്സമാകും.

കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വീണ്ടുമൊരു തുടര്‍ ഭരണം ഉറപ്പിച്ചാണ് സി.പി.എം മുന്നോട്ടു പോകുന്നത്. നേതാക്കളുടെ പ്രതികരണത്തിലും വലിയ ആത്മവിശ്വാസം പ്രകടമാണ്. സംസ്ഥാനത്തെ ജാതി-മത സമവാക്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നതും കോണ്‍ഗ്രസ്സ് കൂടുതല്‍ ദുര്‍ബലമായതുമാണ് സി.പി.എമ്മിന്റെ ആത്മവിശ്വാസത്തിന്റെ പിന്‍ബലം. ബി.ജെ.പി കൂടുതല്‍ വോട്ടുകള്‍ പിടിക്കുന്നത് കോണ്‍ഗ്രസ്സിന്റെ വോട്ടു ചോര്‍ച്ചയ്ക്ക് കാരണമാകുമെന്ന കണക്കു കൂട്ടലും സി.പി.എം. നേതൃത്വത്തിനുണ്ട്.

അതായത് എങ്ങനെ കൂട്ടി കിഴിച്ചാലും മാധ്യമങ്ങള്‍ ഒറ്റപ്പെടുത്തിയാലും പ്രതിപക്ഷം കടന്നാക്രമിച്ചാലും തുടര്‍ച്ചയായ മൂന്നാം തവണയും ഇടതുപക്ഷം തന്നെ അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസത്തിലാണ് സി.പി.എം. മുന്നോട്ടു പോകുന്നത്. അതു കൊണ്ടു തന്നെയാണു മുഖം നോക്കാതെയുള്ള കടുത്ത നടപടിയിലേക്ക് ഇടതുപക്ഷ സര്‍ക്കാറും ഇപ്പോള്‍ കടന്നിരിക്കുന്നത്. അമ്പരപ്പിക്കുന്ന രാഷ്ട്രീയ നീക്കം തന്നെയാണിത്. അതെന്തായാലും പറയാതെ വയ്യ . .

EXPRESS KERALA VIEW

Top