ഇത് തന്റെ ജീവിതത്തിലെ രണ്ടാമത്തെ അവസരം; ബോളിവുഡ് താരം ശ്രേയസ് തല്‍പഡേ

ടുത്തിടെയാണ് ബോളിവുഡ് താരം ശ്രേയസ് തല്‍പഡേക്ക് ഹൃദയാഘാതമുണ്ടായത്. ആശുപത്രിവാസത്തിനുശേഷം അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയിട്ട് അധികനാളായിട്ടില്ല. ഇപ്പോള്‍ ഈ സംഭവത്തേക്കുറിച്ചും തന്റെ ആരോഗ്യത്തേക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് ശ്രേയസ്.
‘വെല്‍ക്കം ടു ദ ജംഗിള്‍’ എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ശ്രേയസ് തല്‍പഡേക്ക് ഹൃദയാഘാതമുണ്ടായത്. മരിച്ചെന്നുതന്നെയാണ് കരുതിയതെന്ന് ശ്രേയസ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇത് തന്റെ ജീവിതത്തിലെ രണ്ടാമത്തെ അവസരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവമുണ്ടായ ഡിസംബര്‍ 14-ന് ഭാര്യ ദീപ്തി തന്നെ ആശുപത്രിയില്‍ എത്തിച്ചതിനേക്കുറിച്ചും ശ്രേയസ് ഓര്‍മിക്കുന്നുണ്ട്.

”അവസാന ഷോട്ടിനുശേഷം ശ്വാസം കിട്ടുന്നില്ലെന്ന് തോന്നി. ഇടതുകൈ വേദനിക്കാന്‍ തുടങ്ങി. വാനിറ്റി വാനിലേക്ക് നടന്നുപോകാനോ വസ്ത്രം മാറാനോ സാധിക്കുന്നുണ്ടായിരുന്നില്ല. സംഘട്ടനരംഗങ്ങളില്‍ അഭിനയിച്ചതുകൊണ്ടുണ്ടായ പേശിവേദനയാണെന്നാണ് കരുതിയത്. മോശമായ ഒരു സാഹചര്യത്തേക്കുറിച്ച് നിങ്ങള്‍ അപ്പോഴും ചിന്തിക്കുന്നില്ല അല്ലേ അതുപോലുള്ള തളര്‍ച്ച ജീവിതത്തില്‍ ഒരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല.” ശ്രേയസ് തല്‍പഡേ ഓര്‍ത്തെടുത്തു.

”കാറില്‍ കയറിയ ഉടന്‍, നേരെ ഹോസ്പിറ്റലിലേക്ക് പോകണമെന്നാണ് എനിക്ക് തോന്നിയത്. പക്ഷേ ആദ്യം വീട്ടിലേക്ക് പോകണമെന്ന് ഞാന്‍ കരുതി. എന്റെ ഭാര്യ ദീപ്തി എന്നെ ആ അവസ്ഥയില്‍ കണ്ട് 10 മിനിറ്റിനുള്ളില്‍ ഞങ്ങള്‍ ആശുപത്രിയിലേക്ക് തിരിച്ചു. ഞങ്ങള്‍ ഏകദേശം അവിടെ എത്തിയിരുന്നു. ആശുപത്രി ഗേറ്റ് കാണാമായിരുന്നു. പക്ഷേ ബാരിക്കേഡുള്ളതിനാല്‍ ഞങ്ങള്‍ക്ക് യു-ടേണ്‍ എടുക്കേണ്ടി വന്നു. അടുത്ത നിമിഷം എന്റെ മുഖം മരവിച്ചു, ഞാന്‍ ബോധരഹിതനായി. അത് ഹൃദയസ്തംഭനമായിരുന്നു. ”അദ്ദേഹം തുടര്‍ന്നു.

”ആ ഏതാനും മിനിറ്റുകളില്‍ എന്റെ ഹൃദയമിടിപ്പ് നിലച്ചിരുന്നു. ഞങ്ങള്‍ ട്രാഫിക്കില്‍ കുടുങ്ങിയതിനാല്‍ ദീപ്തിക്ക് അവളുടെ വശത്തുകൂടി കാറില്‍ നിന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല, അതിനാല്‍ അവള്‍ എന്റെ മുകളിലൂടെ കയറിയാണ് ആരെയെങ്കിലും സഹായത്തിനായി വിളിക്കാന്‍ മറുവശത്ത് എത്തിയത്. കുറച്ച് ആളുകള്‍ ഞങ്ങളെ രക്ഷിച്ച് അകത്തേക്ക് കയറ്റിവിട്ടു. ഡോക്ടര്‍മാര്‍ സിപിആര്‍ ചെയ്യുകയും ഇലക്ട്രിക് ഷോക്ക് നല്‍കുകയുമൊക്കെ ചെയ്താണ് എന്നെ പുനരുജ്ജീവിപ്പിച്ചത്, ”അദ്ദേഹം പറഞ്ഞു. മുംബൈ വെസ്റ്റ് അന്ധേരിയിലെ ബെല്‍ വ്യൂ ആശുപത്രിയിലാണ് ശ്രേയസ് ചികിത്സയില്‍ക്കഴിഞ്ഞിരുന്നത്. ചികിത്സ പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ ഡിസംബര്‍ ഇരുപതിനാണ് ശ്രേയസ് വീട്ടില്‍ തിരിച്ചെത്തിയത്.

Top