ജനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊട്ടിച്ചു കളഞ്ഞ ‘ആയുധ’മാണിത് !

രോപണങ്ങള്‍ ആര്‍ക്കു വേണമെങ്കിലും ഉയര്‍ത്താം അതിന് പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോ ഉള്ള ഭേദമില്ല. എന്നാല്‍ പറയുന്നതില്‍ കഴമ്പുണ്ടോ എന്നത് മാത്രമാണ് നോക്കേണ്ടത്. ഇക്കാര്യം ഇപ്പോള്‍ ഇവിടെ സൂചിപ്പിക്കുന്നത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് വീണ്ടും വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ്. സര്‍ക്കാറിനെതിരെ എന്ത് ആയുധം കിട്ടിയാലും അത് ഉപയോഗിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണ്. എന്നാല്‍ പലവട്ടം ഉയര്‍ത്തിയ ആരോപണങ്ങള്‍ തന്നെ വീണ്ടും വീണ്ടും ഉയര്‍ത്തി കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നത് ഒരിക്കലും ശരിയായ നിലപാടല്ല. സ്വര്‍ണ്ണക്കടത്ത് കേസിലും ഡോളര്‍ക്കടത്ത് കേസിലും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും സ്പീക്കറെയും എല്ലാം പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും യു.ഡി.എഫും ബി.ജെ.പിയും വോട്ട് തേടിയിരുന്നത്.

കേന്ദ്ര ഏജന്‍സികള്‍ ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി നിറംപിടിപ്പിക്കുന്ന കഥകളാണ് മാധ്യമങ്ങളും അന്ന് പ്രചരിപ്പിച്ചിരുന്നത്. ഈ കള്ള പ്രചാരവേലകളെയെല്ലാം തകര്‍ത്തെറിഞ്ഞാണ് വന്‍ ഭൂരിപക്ഷത്തിന് ഇടതുപക്ഷത്തെ വീണ്ടും ജനങ്ങള്‍ വിജയിപ്പിച്ചിരിക്കുന്നത്. ജനകീയ കോടതിയിലെ ഈ വിധി പ്രതിപക്ഷത്തെ സംബന്ധിച്ച് മാത്രമല്ല കുത്തക മാധ്യമങ്ങള്‍ക്കും ഓര്‍ക്കാപ്പുറത്തുള്ള വന്‍ പ്രഹരം തന്നെ ആയിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഭരണപക്ഷത്തിന് ലഭിച്ച തുടര്‍ഭരണം പ്രതിപക്ഷ പാര്‍ട്ടികളെയാണ് ത്രിശങ്കുവിലാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി 10വര്‍ഷം ഭരണമില്ലാതെ പുറത്ത് നില്‍ക്കേണ്ടി വരുന്നതില്‍ മാത്രമല്ല ഇനി ഒരിക്കലും ഭരണത്തില്‍ തിരിച്ചു വരുവാന്‍ കഴിയില്ലേ എന്ന ആശങ്കയും യു.ഡി.എഫ് നേതൃത്വത്തിനുണ്ട്.

അധികാരത്തോടുള്ള ഈ അടങ്ങാത്ത ആര്‍ത്തി തന്നെയാണ് മുസ്ലീംലീഗിലും കേരള കോണ്‍ഗ്രസ്സിലും ആര്‍.എസ്.പിയിലും വലിയ പൊട്ടിത്തെറിക്കും കാരണമായിരിക്കുന്നത്. ഭരണം കയ്യിലില്ലാത്തതിനാലാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ തന്നെ ഇപ്പോള്‍ പടപുറപ്പാട് തുടങ്ങിയിരിക്കുന്നത്. ഭരണമുണ്ടായിരുന്നെങ്കില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉയര്‍ത്താന്‍ ആരും തന്നെ തയ്യാറാകുമായിരുന്നില്ല. നാല് പതിറ്റാണ്ടു കാലത്തോളം മുസ്ലീംലീഗില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വിലസിയ കുഞ്ഞാലിക്കുട്ടിക്ക് ഇനിയുള്ള പാത കല്ലും മുള്ളും നിറഞ്ഞതായിരിക്കും. കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ ആ പാര്‍ട്ടിയില്‍ ശക്തിയാര്‍ജിച്ചു കഴിഞ്ഞു. മുസ്ലീംലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വോട്ട് ബാങ്കിലും വലിയ ക്ഷതമാണ് നിലവില്‍ സംഭവിച്ചിരിക്കുന്നത്.

മലപ്പുറത്തെ ലീഗ് കോട്ടകളില്‍ പോലും വിള്ളല്‍ വീണു കഴിഞ്ഞു. ഈ പോക്ക് പോയാല്‍ വിള്ളല്‍ വലിയ തകര്‍ച്ചയില്‍ കലാശിക്കാനും അധിക കാലം വേണ്ടിവരികയില്ല. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് സി.പി.എമ്മും കരുക്കള്‍ നീക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ച സാഹചര്യമാണ് നിലവിലുള്ളത്. കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗമാകട്ടെ തമ്മില്‍ തല്ലി പിരിയുന്ന സാഹചര്യത്തെയാണ് ഇപ്പോള്‍ നേരിടുന്നത്. പ്രതീക്ഷിച്ച ഭരണം ലഭിക്കാതിരുന്നത് യു.ഡി.എഫിലെ ഈ ഘടക കക്ഷികളെ മാത്രമല്ല കോണ്‍ഗ്രസ്സിനെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അപ്രസക്തമായ അവസ്ഥയിലാണുള്ളത്. ഗ്രൂപ്പുകള്‍ക്കും മീതെ വി.ഡി.സതീശനും കെ സുധാകരനും ആധിപത്യം പുലര്‍ത്തുന്നതില്‍ മറ്റു മുതിര്‍ന്ന നേതാക്കളും ഏറെ അസ്വസ്ഥരാണ്. ബി.ജെ.പിയുടെ ആകെ ഉള്ള അക്കൗണ്ട് ഇടതുപക്ഷം പൂട്ടിച്ചതു കൊണ്ട് മാത്രമാണ്. കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയിലേക്ക് ഒഴുക്ക് ഉണ്ടാകാതിരിക്കുന്നത്. അതിന് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വം നന്ദി പറയേണ്ടത് സി.പി.എം നേതൃത്വത്തോടാണ്. കോണ്‍ഗ്രസ്സ് മുക്ത ഭാരതം ബി.ജെ.പി ലക്ഷ്യമിടുന്നത് ഖദറിനെ കാവിയണിയിച്ചാണ്. അതൊരിക്കലും സി.പി.എമ്മിന്റേയോ ഇടതുപക്ഷത്തിന്റേയോ ലക്ഷ്യമല്ല. ഇക്കാര്യം സി.പി.എം നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ഇതൊന്നും പരിഗണിക്കാതെ രാജ്യത്ത് ബി.ജെ.പിയേക്കാള്‍ വലിയ ശത്രു സി.പി.എം ആണെന്നാണ് കെ.സുധാകരന്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത ലോകസഭ തിരഞ്ഞെടുപ്പാണ് സുധാകരന്റെയും വി.ഡി സതീശന്റെയും മുന്നിലുള്ള പ്രധാന വെല്ലുവിളി. ആ തിരഞ്ഞെടുപ്പില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ പിന്നെ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെയും അവസ്ഥ അതിദയനീയമാകും. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുന്നതിനു പകരം പരാജയപ്പെട്ട ‘ആയുധം’ തന്നെ വീണ്ടും പ്രയോഗിക്കുകയാണ് യു.ഡി.എഫ് നേതാക്കള്‍ ഇപ്പോള്‍ ചെയ്യുന്നത്. നിയമസഭക്കകത്തും പുറത്തും നാം കണ്ടു കൊണ്ടിരിക്കുന്നതും അതു തന്നെയാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നില്‍ പ്രതിഷേധ നിയമസഭയാണ് പ്രതിപക്ഷം തട്ടിക്കൂട്ടിയിട്ടുള്ളത്. അവിടെവച്ച് പ്രതീകാത്മക അടിയന്തര പ്രമേയവും അവര്‍ അവതരിപ്പിക്കുകയുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിയെന്ന സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴി ചൂണ്ടിക്കാട്ടിയായിരുന്നു ഈ നാടകവും അരങ്ങേറിയിരുന്നത്. വ്യക്തമായ ഒരു തെളിവുമില്ലാത്ത കാര്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെയും ടാര്‍ഗറ്റ് ചെയ്താണ് യു.ഡി.എഫ് കടന്നാക്രമിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തും ഡോളര്‍ കടത്തും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ അരിച്ചു പെറുക്കിയിട്ടും ഇതുവരെ മുഖ്യമന്ത്രിക്കും മുന്‍ സ്പീക്കര്‍ക്കുമെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിട്ടും പ്രതികളുടെ മൊഴി മാത്രം മുന്‍നിര്‍ത്തി ഉണ്ടയില്ലാ വെടിയാണ് പ്രതിപക്ഷം ഉതിര്‍ത്തു കൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തും ഡോളര്‍ കടത്തും നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ഉത്തരവാദികള്‍ കേന്ദ്ര ഏജന്‍സികള്‍ തന്നെയാണ്.

എന്തിനാണ് ഐ.ബി എന്നതിനും കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണം. കേന്ദ്ര സുരക്ഷാ സംവിധാനം ഭേദിച്ച്, അതീവ സുരക്ഷാ മേഖലയായ വിമാനതാവളം വഴി, കള്ളക്കടത്തുകള്‍ നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്ര ഇന്റലിജന്‍സിനു മാത്രമല്ല കസ്റ്റംസിനും സി.ഐ.എസ്.എഫിനും ഒന്നും ഒഴിഞ്ഞു മാറാനാവുകയില്ല. കേരള പൊലീസിന്റെ പരിധിക്കും അപ്പുറത്തുള്ള കാര്യമാണിത്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കണ്ണിലെ കരടായ കേരള മുഖ്യനും സംഘവും സ്വര്‍ണ്ണക്കടത്ത് നടത്തുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ നോക്കി നില്‍ക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ പോലും അത് വിശ്വസിക്കുകയില്ല. ഇതും പ്രതിപക്ഷ നേതാക്കള്‍ മനസ്സിലാക്കുന്നത് നല്ലതാണ്.

ഒരിക്കല്‍ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ഉന്നയിച്ചു കൊണ്ടിരിക്കുന്നത് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭക്ഷണമല്ല.അത് പ്രതിപക്ഷത്തിന്റെ അവസ്ഥയെയാണ് കൂടുതല്‍ ദുര്‍ബലമാക്കുക. ഇത് പ്രബുദ്ധ കേരളമാണ് പിണറായിയും ശ്രീരാമകൃഷ്ണനും ആരാണെന്നതും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യായശാസ്ത്രം എന്താണെന്നതും ശരിക്കും ബോധ്യമുള്ള ജനതയാണ് ഇവിടെയുള്ളത്. അതു കൊണ്ട് തന്നെയാണ് ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നിരിക്കുന്നത്. അതല്ലായിരുന്നു എങ്കില്‍ ആരോപണത്തിന്റെ അഴുക്ക് ചാലില്‍പ്പെട്ട് ചെമ്പടയും ഒലിച്ചു പോകുമായിരുന്നു. എന്നാല്‍ ഇവിടെ മുങ്ങി തുടങ്ങിയിരിക്കുന്നത് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ കപ്പലാണ്. അത് തിരിച്ചറിഞ്ഞ് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമാണ് യു.ഡി.എഫ് നേതാക്കള്‍ ശ്രമിക്കേണ്ടത്. അതല്ലാതെ ആരോപണ ശരങ്ങള്‍ ഇനിയും പ്രയോഗിച്ചു കൊണ്ടിരുന്നാല്‍ ആ കപ്പലിന്റെ അവശേഷിക്കുന്ന ഭാഗത്തോടൊപ്പം നിങ്ങളും മുങ്ങും. അതിനാകട്ടെ ലോകസഭ തിരഞ്ഞെടുപ്പ് വരെ മാത്രം കാത്തിരുന്നാലും മതിയാകും.

Top