മതേതര ഐക്യം; മുഹറത്തിനും വിനായക ചതുര്‍ത്ഥിക്കും ഒരേ പന്തലില്‍ ആഘോഷം

ഭോപ്പാല്‍: മഹാരാഷ്ട്രയില്‍ മുഹറവും വിനായക ചതുര്‍ത്ഥിയും ഒരേ പന്തലില്‍ ആഘോഷിച്ച് വിശ്വാസികള്‍. ഏക്താ മിത്രാ മണ്ഡലിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഓരോ വിഭാഗത്തിന്റെയും പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനായി ഒരേ മൈക്കും സ്പീക്കറുമാണ് ഉപയോഗിച്ചത്. പരസ്പരം സഹകരിച്ചു കൊണ്ട് സമയക്രമം പാലിച്ചാണ് ഇത് സാധ്യമാക്കിയത്. ദിവസം മുഴുവന്‍ പ്രശ്‌നങ്ങളോ പരാതികളോ ഒന്നും ഇല്ലാതെ തന്നെ ആഘോഷങ്ങള്‍ നടന്നു.

ഹിന്ദുക്കളും മുസ്ലീംങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നും തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ താല്‍പര്യങ്ങള്‍ മൂലം പാര്‍ട്ടികളാണ് വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജാതി-മത-രാഷ്ട്രീയത്തിനതീതമായി നിരവധിപ്പേര്‍ ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.

വര്‍ഗ്ഗീയ ഐക്യം ശക്തിപ്പെടുത്തുന്നതിന് ഇത്തരം പരിപാടികള്‍ ഒരുമിച്ച് നടത്തുന്നത് ഗുണം ചെയ്യുമെന്നും ഏക്താ മിത്രാ മണ്ഡലത്തിന്റെ ചുവടുവയ്പ്പ് പ്രശംസനീയമാണെന്നും പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് വിവിധ പാര്‍ട്ടികള്‍ പ്രചരണം ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇവിടെ ഒരേ പന്തലില്‍ ഇരു വിഭാഗങ്ങളും ഒന്നിച്ച് ചടങ്ങ് ഗംഭീരമാക്കിയിരിക്കുന്നത്.

ശിവലിംഗപൂജ നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ വച്ചു കോണ്‍ഗ്രസ് നടത്തിയ പ്രചരണത്തെ കളിയാക്കി കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണ്ണായകമായ മേഖലയും ഹിന്ദു രാഷ്ട്രീയം നന്നായി പയറ്റാന്‍ പാര്‍ട്ടികള്‍ തക്കം പാര്‍ത്തിരിക്കുന്നതുമായ സംസ്ഥാനമാണ് മഹാരാഷ്ട്ര.

Top