ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ സേനയില്‍ തലപ്പാവ് വെച്ച സിഖ് യുവാവ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ സേനയില്‍ തലപ്പാവ് വെച്ച സിഖ് യുവാവ് സേവനമനുഷ്ഠിക്കുന്നു. അന്‍ഷ്ദീപ് സിംഗ് ഭാട്ടിയ എന്ന ലുധിയാന സ്വദേശിയായ യുവാവാണ് നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ തലപ്പാവ് വയ്ക്കാന്‍ അനുമതി നേടിയത്.

തലപ്പാവ് മാറ്റി സൈനിക യൂണിഫോമില്‍ വരണമെന്ന് ഭാട്ടിയയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിഷേധിച്ചു. തുടര്‍ന്ന്‌ തലപ്പാവ് വെയ്ക്കാന്‍ വേണ്ടി വലിയ നിയമ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. കഴിഞ്ഞ ആഴ്ച കോടതി ഭാട്ടിയക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചു.

അന്‍ഷ്ദീപ് സിംഗ് ഭാട്ടിയയുടെ കുടുംബം കാണ്‍പൂരില്‍ നിന്ന് 1984ലെ സിഖ് വിരുദ്ധ പ്രക്ഷോഭത്തില്‍ ലുധിയാനയിലേക്ക് കുടിയേറിപ്പാര്‍ത്തതാണ്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ അമറീക് സിംഗ് പഞ്ചാബ് ബാങ്കിലെ മാനേജരായിരുന്നു. അദ്ദേഹത്തിന് അന്ന്‌
ലുധിയാനയിലേക്ക് സ്ഥലം മാറ്റം കിട്ടി. അന്‍ഷ്ദീപിന്റെ അച്ഛന്‍ അമേരിക്കയില്‍ ബിസിനസ് തുടങ്ങിയതോടെ കുടുംബം അവിടേക്ക് മാറി. സിഖ് വിരുദ്ധ പ്രക്ഷോഭത്തില്‍ കുടുംബത്തിലെ നിരവധി പേര്‍ മരിക്കുകയും അന്‍ഷ്ദീപ് സിംഗിന്റെ അച്ഛന്‍ ദേവേന്ദ്ര സിംഗിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വംശീയ അധിഷേപം അമേരിക്കയിലും വളരെ ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടയില്‍ മൂന്ന് കേസുകളാണ് വംശീയ ആക്രമണത്തിന്റെ പേരില്‍ അവിടെ നടന്നത്. ആ സാഹചര്യത്തിലാണ് സൈനിക വേഷത്തിനൊപ്പം തലപ്പാവ് ധരിക്കാന്‍ ഒരു സിഖ് യുവാവിനെ അമേരിക്കന്‍ കോടതി അനുവദിക്കുന്നത്.

Top