തൊടുപുഴ : തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ. വെന്റിലേറ്റര്‍ മാറ്റിയാല്‍ അതിജീവിക്കാനാവുമോ എന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാല്‍ തന്നെ വെന്റിലേറ്ററില്‍ തന്നെ ചികിത്സ തുടരാനാണ് താല്‍ക്കാലത്തെ തീരുമാനമെന്നും മന്ത്രി അറിയിച്ചു.
തലച്ചോറിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചിരിക്കുകയാണെന്നും വെന്റിലേറ്റര്‍ മാറ്റിയാല്‍ അതിജീവിക്കാനാവുമോയെന്ന് പറയാനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. രാത്രി കുട്ടിയെ കാണാനായി മന്ത്രി ശൈലജ കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിയിരുന്നു.
മുക്കാല്‍ മണിക്കൂറോളം ആശുപത്രിയില്‍ ഉണ്ടായിരുന്ന മന്ത്രി കുട്ടിയെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘവുമായി വിശദമായി സംസാരിച്ചു തുടര്‍ന്നാണ് കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. അതേസമയം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിക്ക് ഇന്നലെ മുതല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം കൊടുത്തു തുടങ്ങിയിട്ടുണ്ട്.
കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. വെന്‍റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കൽ സംഘത്തിന്‍റെ നിർദ്ദേശം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുട്ടിയെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു.