തൊടുപുഴ: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പോലും വ്യാജപ്രചരണങ്ങള്‍ക്ക് പഞ്ഞമില്ല. ഇപ്പോഴിതാ വിദേശത്തു നിന്നെത്തിയ ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും ജാഗ്രത പാലിക്കണമെന്നും കാട്ടി സോഷ്യല്‍ മീഡിയയില്‍ വ്യാജ ശബ്ദ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്.
ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സ്ത്രീകളടക്കം 15 പേര്‍ക്കെതിരെയാണ് കാളിയാര്‍ പൊലീസ് കേസെടുത്തത്. യുകെയില്‍ നിന്നെത്തിയ മുള്ളരിങ്ങാട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതായിട്ടായിരുന്നു ശബ്ദ സന്ദേശം. ഇതോടെ ഇയാളുടെ വീട്ടില്‍ ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ എത്തി വിശദാംശങ്ങള്‍ തേടി.
ഇയാള്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും എത്തിയെന്നും പരിശോധനയില്‍ രോഗം സ്ഥീരീകരിച്ചെന്നും ഇതിനൊപ്പം ഇയാള്‍ സഞ്ചരിച്ച നാല് ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെയും കയറിയ കടകളിലെ ആളുകളെയും തെരഞ്ഞ് വരികയാണെന്നുമായിരുന്നു ശബ്ദ സന്ദേശം.
ഇതോടെ ജനങ്ങളാകെ പരിഭ്രാന്തിയിലായി. പൊലീസിനെ ഉള്‍പ്പെടെ ആശങ്കയിലാക്കിയ വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ എസ്‌ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.