എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു 

കൊച്ചി: എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം.

നിലവില്‍ എന്‍സിപി  സംസ്ഥാന അധ്യക്ഷനും കുട്ടനാട് എം.എല്‍.എയുമാണ് തോമസ് ചാണ്ടി.  പിണറായി മന്ത്രിസഭയില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.

അര്‍ബുദബാധയെ തുടര്‍ന്ന്  പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും  ചികിത്സ തേടിയിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു തോമസ് ചാണ്ടി .

തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി വ്യവസായ സ്ഥാപങ്ങളുണ്ട്. നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
കുവൈത്ത് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന സംരഭങ്ങളെല്ലാം. അതിനാല്‍ കുവൈത്ത് ചാണ്ടി എന്ന പേരിലും കുട്ടനാട്ടില്‍ തോമസ് ചാണ്ടി അറിയപ്പെട്ടിരുന്നു.

കോണ്‍ഗ്രസില്‍ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എന്‍സിപിയിലേക്ക് ചുവടുമാറുകയായിരുന്നു.

ഭാര്യ: മേഴ്സി ചാണ്ടി.  മക്കള്‍: ബെറ്റി, ഡോ. ടോബി. ടെസി. മരുക്കള്‍: ഡോ. അന്‍സു, ജോയല്‍ ജേക്കബ്.

Top